

കാസര്‍കോട്: സമസ്ത ശതാബ്ദി സമ്മേളന വേദിയില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. മതരാഷ്ട്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കേരളത്തെ മതനിരപേക്ഷ സമൂഹമായി വളര്‍ത്തിയെടുക്കുന്നതില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് സമസ്തയെപ്പോലുള്ള മതസംഘടനകളും വഹിച്ചിട്ടുള്ള പങ്ക് എടുത്ത് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ സമസ്ത നിലകൊണ്ടു. വിശ്വാസസംബന്ധമായ പരിഷ്‌കരണങ്ങളില്‍ പോലും പ്രകോപനരഹിതമായി മാത്രം പെരുമാറി. അതെല്ലാം മതനിരപേക്ഷതയുടെ സംസ്‌കാരത്തെ വലിയ അളവില്‍ ശക്തിപ്പെടുത്തി. മതനിരപേക്ഷ ശക്തികള്‍ക്കൊപ്പം നിന്നുകൊണ്ട് മാത്രമെ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നും വര്‍ഗീയതയ്ക്ക് വര്‍ഗീയതയല്ല മറുപടി എന്നുമൊക്കെയുള്ള സമസ്ത നിലപാടുകള്‍ക്ക് വര്‍ത്തമാനകാല സാമൂഹിക അന്തരീക്ഷത്തില്‍ വലിയ പ്രസക്തിയുണ്ട്', മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടമാണ്. ഇന്ത്യയുടെ ബഹുമത ഘടനയും ബഹുസ്വര സാംസ്‌കാരിക പൈതൃകവും തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഇവിടെ നടക്കുന്നുവെന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം ഒരു ഭക്ഷണരീതി, ഒരു വസ്ത്രധാരണ സമ്പ്രദായം എന്നിങ്ങനെ ഇന്ത്യയെ അതിന്റെ വൈവിധ്യം തകര്‍ത്ത് ഏകശിലാ രൂപത്തില്‍ വാര്‍ത്തെടുക്കാനാണ് ശ്രമം. എന്തുവിലകൊടുത്തും അതിനെ ചെറുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വത്തിന്റെ മാനദണ്ഡം വരെ മതമാക്കി വ്യവസ്ഥ ചെയ്യുന്ന കാലമാണിതെന്ന് ഓര്‍ക്കണം. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അനുവദിക്കാനാകില്ല. പൗരത്വത്തിന്റെ പേരില്‍ ചിലരെ പ്രത്യേകം ചില മുദ്രയടിച്ച് ജയിലില്‍ അടക്കണമെന്ന തിട്ടൂരം വരെ ഇറക്കുന്നു. അത്തരത്തിലുള്ള നടപടിയും സ്വീകരിക്കാത്ത നാടായി കേരളം നിലനില്‍ക്കുന്നു. കേരളത്തില്‍ പൗരത്വത്തിന്റെ പേരില്‍ ഒരാളെയും തടങ്കല്‍ പാളയത്തില്‍ അടക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അത് ആവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനവികതയുടെ ശത്രു ഫാസിസമാണ്. അത് ലോകത്തിന്റെ എവിടെയാണെങ്കിലും ശക്തമായി എതിര്‍ത്തുപോകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: CM Pinarayi vijayan In Samasta Centenary Conference