ശബരിമല സ്വർണക്കൊളള: ഹൈക്കോടതി മറുപടി പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ ആരോപങ്ങൾ വീണുടഞ്ഞെന്ന് മന്ത്രി എം ബി രാജേഷ്

ജനങ്ങളുടെ വിശ്വാസം ഭരണപക്ഷം ആര്‍ജ്ജിച്ചതുകൊണ്ടാണ് ഒരു അവിശ്വാസം പോലും പ്രതിപക്ഷത്തിന് കൊണ്ടുവരാന്‍ കഴിയാഞ്ഞതെന്നും എം ബി രാജേഷ് പറഞ്ഞു

ശബരിമല സ്വർണക്കൊളള: ഹൈക്കോടതി മറുപടി പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ ആരോപങ്ങൾ വീണുടഞ്ഞെന്ന് മന്ത്രി എം ബി രാജേഷ്
dot image

തൃശൂര്‍: ശബരിമല സ്വര്‍ണക്കൊളളയില്‍ ഹൈക്കോടതി മറുപടി പറഞ്ഞതോടുകൂടി പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും വീണുടഞ്ഞെന്ന് മന്ത്രി എം ബി രാജേഷ്. പാറപ്പുറത്ത് ചില്ലുപാത്രം വീണുടഞ്ഞ പോലെയാണ് പ്രതിപക്ഷമെന്നും ജനങ്ങളുടെ വിശ്വാസം ഭരണപക്ഷം ആര്‍ജ്ജിച്ചതുകൊണ്ടാണ് ഒരു അവിശ്വാസം പോലും പ്രതിപക്ഷത്തിന് കൊണ്ടുവരാന്‍ കഴിയാഞ്ഞതെന്നും എം ബി രാജേഷ് പറഞ്ഞു. ഒരു തട്ടിക്കൂട്ട് കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ വിചാരണയില്‍ രക്ഷപ്പെട്ടുപോകട്ടെ എന്നതാണോ പ്രതിപക്ഷത്തിന്റെ ഉദ്ദേശമെന്നും അദ്ദേഹം ചോദിച്ചു.

ശബരിമല സ്വര്‍ണക്കൊളള കേസിലെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്വേഷണം ശരിയായ ദിശയിലായാല്‍ പോറ്റിയില്‍ അന്വേഷണം അവസാനിക്കില്ലെന്ന ഭയമാണ് സഭയില്‍ കോപ്രായം കാണിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നാടകം കളിക്കുകയാണെന്നും രാജേഷ് പറഞ്ഞു. സത്യം മുഖത്തടിക്കുമ്പോള്‍ പ്രതിപക്ഷ നേതാവും പ്രതിപക്ഷവും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനും മുകളിലാണ് താനെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിചാരമെന്നും എം ബി രാജേഷ് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്‌ഐടി അന്വേഷണത്തെ ഹൈക്കോടതി പ്രശംസിച്ചിരുന്നു. എസ്‌ഐടിയുടേത് ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സിബിഐ അന്വേഷണത്തിനുളള ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും ഏറ്റവും വിശ്വാസ്യതയുളള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലായിരുന്നു ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശം. നിസാരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്നും ഹർജിക്കാരോട് ഹൈക്കോടതി പറഞ്ഞിരുന്നു.

Content Highlights: MB Rajesh against Opposition on Sabarimala Gold Theft highcourt verdicts

dot image
To advertise here,contact us
dot image