

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പാർട്ടി നേതാക്കളെ സർക്കാർ സംരക്ഷിക്കുന്നതിനാൽ ഇതിന്റെ ആനുകൂല്യം പാർട്ടി നേതാക്കളല്ലാത്ത പ്രതികൾക്കും ലഭിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നഷ്ടപ്പെട്ട സ്വർണം എവിടെയാണെന്നോ ആർക്ക് വിറ്റെന്നോ എവിടെ സൂക്ഷിച്ചെന്നോ കണ്ടെത്താൻ കഴിയാത്തത് അന്വേഷണത്തിലെ പാളിച്ചയാണെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
പ്രതികൾ ഒന്നൊന്നായി ജാമ്യത്തിലിറങ്ങുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. ഈ കേസിൽ നഷ്ടപ്പെട്ട സ്വർണം എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല, അത് വീണ്ടെടുത്തിട്ടുമില്ല. പ്രതികളെ ചോദ്യം ചെയ്ത് അവർ നൽകുന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്വർണം കണ്ടെത്താൻ കഴിയുക. പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയാൽ എങ്ങനെ ചോദ്യം ചെയ്യുമെന്ന് സണ്ണി ജോസഫ് ചോദിക്കുന്നു.
പ്രതികളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കേസിൽ അറസ്റ്റിലായ സിപിഐഎം നേതാക്കൾക്കെതിരെ പാർട്ടി തലത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ ആനുകൂല്യം പാർട്ടി നേതാക്കൾ അല്ലാത്ത പ്രതികൾക്കും ലഭിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പ്രതികൾ ജയിൽ മോചിതരാകുന്നതെന്ന് സണ്ണി ജോസഫ് ആരോപിക്കുന്നു.
എസ്‌ഐടി ഹൈക്കോടതിയുടെ മാത്രം നിയന്ത്രണത്തിലല്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ കൂടിയാണ്. ജയിലിൽ കിടക്കുന്ന നേതാക്കന്മാരെ ഭരണത്തിൽ പൊതിഞ്ഞ് സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അന്വേഷണത്തിൽ നഷ്ടപ്പെട്ട സ്വർണം എവിടെ, ആർക്ക് വിറ്റു എവിടെ സൂക്ഷിക്കുന്നു എന്നൊന്നും പൂർണമായും കണ്ടെത്തിയിട്ടില്ല. ഇത് അന്വേഷണത്തിന്റെ പൂർണമായ പാളിച്ചയാണ്. ജാള്യത മറച്ചുവെയ്ക്കാനുള്ള കുതന്ത്രമാണ് പ്രതിപക്ഷത്തിനെതിരെയുള്ള ആരോപണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Content Highlights: KPCC president strongly criticised the Kerala government over the Sabarimala gold theft case after the prime accused secured bail