

കോഴിക്കോട്: സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ മുഖ്യമന്ത്രിയെ ദൈവമായി കാണുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാ വിഭാഗം ആളുകള്‍ക്കും മുഖ്യമന്ത്രി സഹായം നല്‍കിയിട്ടുണ്ടെന്നും എം മെഹബൂബ് പറഞ്ഞു. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയെക്കുറിച്ചുള്ള റിപ്പോർട്ടർ ടി വി മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തോടായിരുന്നു മെഹബൂബിൻ്റെ പ്രതികരണം.
കോഴിക്കോട് ജില്ലയിലെ വികസന മുന്നേറ്റ ജാഥയില്‍ ആര്‍ജെഡി പങ്കെടുക്കുമെന്ന് എം മെഹബൂബ് പറഞ്ഞു. കോര്‍പ്പറേഷനിലെ തോല്‍വിയില്‍ ആര്‍ജെഡി ഉയര്‍ത്തിയ പരാതി പരിഹരിക്കപ്പെട്ടു.ചിലര്‍ ഉണ്ടാക്കുന്ന ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമാണ് നിലവില്‍ ഉള്ളത്. അത് കാര്യമാക്കേണ്ടതില്ലെന്നും മെഹബൂബ് വ്യക്തമാക്കി.
ബേപ്പൂരില്‍ മുഹമ്മദ് റിയാസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നും മെഹബൂബ് പറഞ്ഞു. ബേപ്പൂരിലെ ജനങ്ങള്‍ റിയാസ് സ്ഥാനാർത്ഥിയായി വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. മറ്റൊരു മണ്ഡലത്തിലും കാണാത്ത വിധത്തില്‍ രാഷ്ട്രീയത്തിനുമപ്പുറം ജനങ്ങള്‍ ബേപ്പൂരില്‍ റിയാസിനെ പ്രതീക്ഷിക്കുകയാണ്. റിയാസ് വീണ്ടും ബേപ്പൂരില്‍ മത്സരിക്കണമെന്ന വികാരമാണ് നിലനില്‍ക്കുന്നത്. അന്‍വര്‍ കേരള രാഷ്ട്രീയത്തില്‍ നിന്ന് എടുത്തെറിയപ്പെട്ട, ഒരു ഗുണവും ചെയ്യാത്ത വ്യക്തിയാണ്. അന്‍വര്‍ സ്ഥാനാര്‍ത്ഥിയായാല്‍ ഇടത് സ്ഥാനാര്‍ത്ഥി ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മെഹബൂബ് കൂട്ടിച്ചേര്‍ത്തു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുറുകുന്നതിനിടെ മന്ത്രി പി എ മുഹമ്മദ് റിയാസ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പിന്തുണ തേടിയിരുന്നു. കാരന്തൂര്‍ മര്‍ക്കസിലെത്തിയാണ് മന്ത്രി കാന്തപുരത്തെ കണ്ടത്. ബേപ്പൂരില്‍ പി വി അന്‍വര്‍ പ്രചാരണം ശക്തമാക്കിയതോടെ മുഹമ്മദ് റിയാസും കളംനിറയുകയാണ്. ഇടത്കോട്ട ഇളക്കാന്‍ പി വി അന്‍വറിനെ കാലേകൂട്ടി കളത്തിലിറക്കി യുഡിഎഫ്. കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം പ്രചാരണത്തിന് ആക്കംകൂട്ടി. ഇതോടെ അന്‍വറിന് ഒരു മുഴം മുന്നേ എന്ന കണക്കില്‍ മന്ത്രി മുഹമ്മദ് റിയാസും മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.
29,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട് എല്‍ഡിഎഫിന് ബേപ്പൂരില്‍. അഞ്ച് വര്‍ഷം നടത്തിയ വികസന നേട്ടങ്ങളും മന്ത്രിയുടെ വ്യക്തിബന്ധങ്ങളും മുന്നണിക്ക് ആത്മവിശ്വാസം നല്‍കുന്നു. അന്‍വറിന്റെ വ്യക്തിത്വവും ഭരണവിരുദ്ധ വികാരവും തുണയ്ക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍.
Content Highlight; CPIM District Secretary M Mehboob said that thousands of families in the state consider the Chief Minister as God.