

കൊച്ചി: ഭിന്നശേഷി സംവരണത്തിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്‌സ് സഭ. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ പ്രശ്‌നത്തിന് പരിഹാരം കാണാമായിരുന്നുവെന്ന് ഓർത്തഡോക്‌സ് മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദിയസ്‌കോറസ് റിപ്പോർട്ടറിനോട് പറഞ്ഞു. എൻഎസ്എസിന് നൽകിയ വിധി മറ്റുള്ളവർക്കും നടപ്പാക്കാമായിരുന്നു. കോടതിയിൽ പോകാതെ തന്നെ അതിവേഗത്തിൽ നടപ്പാക്കാൻ കഴിയുമായിരുന്ന ഒരു വിഷയമായിരുന്നു ഇത്. ഇപ്പോഴും അത് ചെയ്യാവുന്നതാണ്. ഒരു സമുദായത്തിന് കിട്ടിയതായ വിധി മറ്റുള്ള എല്ലാവർക്കും ബാധകമാക്കാൻ സംസ്ഥാന സർക്കാർ വിചാരിച്ചാൽ നടക്കുന്നതല്ലേയുള്ളൂവെന്നും യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭ മാനേജ്‌മെന്റുകൾ ഇപ്പോൾ തന്നെ പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ കാര്യത്തിൽ തീരുമാനമായെങ്കിൽ മാത്രമേ മറ്റ് ഉദ്യോഗാർത്ഥികളുടെ കാര്യത്തിലും നിയമനം അടക്കമുള്ള വിഷയങ്ങളുമായി മുന്നോട്ടുപോകാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത് സന്തോഷകരമാണ്. സർക്കാരിനെ അതിൽ പ്രത്യേകം അഭിനന്ദിക്കുന്നു. എന്നാൽ കോടതിയിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അതിന്റെ ആവശ്യം ഇല്ലാതെ തന്നെ പ്രശ്‌നങ്ങൾ പരിഹരിക്കാമായിരുന്നു. കോടതിയിലെ വ്യവഹാരങ്ങൾ നീണ്ടു പോകുമോ എന്ന ആശങ്കയുണ്ട്. നീണ്ടു പോവുകയാണെങ്കിൽ ക്രൈസ്തവ മാനേജ്‌മെന്റുകൾ അതിന്റെ പ്രതിസന്ധി അനുഭവിക്കേണ്ടിവരും. ഇപ്പോൾതന്നെ വലിയ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയമായതുകൊണ്ട് ഇതിനെ വേറൊരു രീതിയിൽ വ്യാഖ്യാനിക്കും. ഇലക്ഷന്റെ ഭാഗമായി ഇപ്പോൾ കോടതിയിൽ പോയതാണെന്ന് ആളുകൾ പറയുന്നുണ്ട്. അങ്ങനെ പറയിക്കേണ്ട കാര്യമില്ലെന്നും യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു.
എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാകുന്നതാണ് നീതിയുക്തമെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിംഗിൾ എയ്ഡഡ് മാനേജ്മെന്റുകൾക്ക് കീഴിലുള്ള താത്കാലിക അധ്യാപകരും ഭിന്നശേഷിക്കാരിലെ ഒരു വിഭാഗവും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി ആറാഴ്ച്ചത്തേക്ക് മാറ്റി വെച്ചിരുന്നു. ഇതോടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ പുതിയ നീക്കത്തിനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കാനാണ് സർക്കാർ നീക്കം. ഇതിന്‍റെ ഭാഗമായി ചട്ടം 300 പ്രകാരം വിദ്യാഭ്യാസ മന്ത്രി ഇന്ന് നിയമസഭയിൽ പ്രസ്താവന നടത്തും.
ഭിന്നശേഷി സംവരണത്തിന് തസ്തികൾ മാറ്റിവെച്ചതോടെ നായര്‍ സര്‍വീസ് സൊസൈറ്റി സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി മറ്റു മാനേജുമെന്‍റുകള്‍ക്കും ബാധകമാക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം.
Content Highlights: Orthodox diocese criticizes government controversies about reservation for differently-abled people