

തൊടുപുഴ: ഇടുക്കി മണ്ഡലം കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജെ ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്. അങ്ങനൊരു ചര്‍ച്ചയുടെ ആവശ്യം പോലുമില്ലെന്നും കോണ്‍ഗ്രസിലെ ആരെങ്കിലും അങ്ങനെ പറയുന്നുണ്ടെങ്കില്‍ അത് വ്യക്തി താല്‍പ്പര്യമാണെന്നും എം ജെ ജേക്കബ് പറഞ്ഞു. കോണ്‍ഗ്രസോ കേരളാ കോണ്‍ഗ്രസോ ജയിക്കുന്നതല്ല യുഡിഎഫ് ജയിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇടുക്കി സീറ്റ് വെച്ചുമാറുന്നതില്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും എം ജെ ജേക്കബ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എം ജെ ജേക്കബ് ഇടുക്കിയില്‍ അനൗദ്യോഗികമായ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിക്കുകയും ചെയ്തു.
'ഹൈ പവര്‍ കമ്മിറ്റിയില്‍ എടുത്ത തീരുമാനം പത്ത് സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് ജെ 10 സീറ്റുകളിലും മത്സരിക്കാനാണ്. ഏതെങ്കിലും കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അതിന് പാര്‍ട്ടി ചെയര്‍മാനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗികമായി ഒരു നേതാക്കളും സീറ്റ് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആരെങ്കിലും അനൗദ്യോഗികമായി പറയുന്നുണ്ടെങ്കില്‍ അവര്‍ക്ക് ജനങ്ങളില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണ്. ഞങ്ങളെ സംബന്ധിച്ച് 5 സീറ്റുകളിലും വിജയിക്കും. അതിനുളള പ്രവര്‍ത്തനവുമായാണ് മുന്നോട്ടുപോകുന്നത്. ഇടുക്കി സീറ്റിനെപ്പറ്റി മാത്രമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല': എം ജെ ജേക്കബ് പറഞ്ഞു.
ഇടുക്കി മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇടുക്കി ഡിസിസി കെപിസിസിയ്ക്ക് കത്തും നല്‍കിയിരുന്നു. 25 വര്‍ഷമായി ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫാണ് ഒന്‍പത് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും വിജയിച്ചത്. അതിനാല്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
Content Highlights: Idukki constituency will not be given to Congress Kerala Congress J leader