

കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് മോദി സർക്കാറിന്റെ യഥാർത്ഥ സ്വഭാവം എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ജനത്തെ മറന്ന ബജറ്റാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. യുവശക്തി ബജറ്റ് എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. എന്നാൽ തൊഴിലില്ലായ്മ ഇല്ലാതാക്കാൻ ഒരു പദ്ധതിയും ഇല്ല. അദാനി- അംബാനി ബജറ്റാണിതെന്നും ബിനോയ് വിശ്വം വിമർശിച്ചു.
കേന്ദ്രത്തിന് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങൾ വിവേചനത്തിന് ഇരയായി. കേരളത്തിലെ തീർത്ഥാടകരേയും തീർത്ഥാടക കേന്ദ്രങ്ങളെയും അവഗണിച്ചു. ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ട് കേരളം വേണ്ട എന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്. കേരളത്തിന് അതിവേഗ പാതയില്ല. ആമയുണ്ട്, ആമ സംരക്ഷണത്തിന്റെ വർത്തമാനം കൊള്ളത്തരം മാത്രമാണ്.
ആമയ്ക്കും രക്ഷയില്ല, കടൽതീരത്തിനും രക്ഷയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയമായി ബിജെപിയ്ക്ക് കേരളത്തെ വെറുപ്പാണ്. കേരള വിരുദ്ധമാണ് ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതിനെയും ബിനോയ് വിശ്വം വിമർശിച്ചു. ഒരു കേന്ദ്ര മന്ത്രി നടന്നു പറഞ്ഞു എയിംസ് ഇവിടെയാണ് അവിടെയാണ് എന്നൊക്കെ. എന്നാൽ എയിംസിൽ കേന്ദ്ര മന്ത്രി കബളിപ്പിച്ചു. കോഴിക്കോട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ എവിടെയെങ്കിലും എയിംസ് വരുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. വിജയം കുറുക്കുവഴിയാക്കിയ മന്ത്രിക്ക് ഇപ്പോൾ വ്യക്തതയില്ലെന്നും സുരേഷ് ഗോപിയെ ലക്ഷ്യമിട്ട് ബിനോയ് വിശ്വം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അവസ്ഥയിൽ സങ്കടമുണ്ടെന്ന് പരിഹസിച്ച ബിനോയ് വിശ്വം, ഒരിക്കലും ജയിക്കാത്ത കേസ് വാദിക്കുന്ന വക്കീലിന്റെ അവസ്ഥയാണ് രാജീവിന്‍റെതെന്നും പറഞ്ഞു. ബിജെപി സർക്കാറിന്റെ അവഗണനയിൽ ജനങ്ങൾക്ക് കടുത്ത എതിർപ്പുണ്ട്. മോദി വന്ന് വാദിച്ചാലും ജനങ്ങളുടെ കോടതിയിൽ ബിജെപിയുടെ വാദം പൊളിയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
അതേസമയം ആർആർടിഎസ് പദ്ധതി കേരളത്തിന് അനുയോജ്യമാണെന്നും ഇ ശ്രീധരൻ സംസ്ഥാന സർക്കാറുമായി സഹകരിക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കേരളത്തിന് സമ്പൂർണ നിരാശ നൽകുന്നതാണ് നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ്. കേരളം ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ എയിംസ്, അതിവേഗ റെയിൽപാത എന്നിവയിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചർച്ച ഉയർന്നുവന്ന കേരളത്തെ തഴഞ്ഞത്.
Content Highlights: Union Budget 2026; CPI State Secretary Binoy Viswam strongly criticizes the central budget