

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിന് ഒന്നും കിട്ടിയില്ലെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിന് ഒന്നും കിട്ടിയില്ല എന്നത് തെറ്റായ പ്രചാരണമാണെന്നും ഇതിന് മുന്‍പ് എത്രയോ പദ്ധതികള്‍ കൊടുത്തതാണ്, അതൊന്നും നടപ്പിലാക്കിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 2017-ല്‍ പ്രഖ്യാപിച്ച എയിംസിന് ഇതുവരെ ഭൂമി ഏറ്റെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എന്തെങ്കിലും നടക്കണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇവിടെ വരണമെന്നും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വേണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കേരളത്തില്‍ ഒന്നും കിട്ടിയില്ല എന്ന് പറയുന്നത് തെറ്റായ പ്രചാരണമാണ്. കഴിഞ്ഞ ബജറ്റുകളില്‍ കേരളത്തിനായി എത്രയോ പദ്ധതികള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ഇപ്പോഴും അന്ന് കൊടുത്ത പദ്ധതികള്‍ നടപ്പിലാക്കിയിട്ടില്ല. തന്ന പദ്ധതികള്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന ചോദ്യം അവരോടാണ് ചോദിക്കേണ്ടത്. പിഎം ആയുഷ്മാന്‍ പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പിഎം ആവാസ് യോജന, ജല്‍ ജീവന്‍ മിഷന്‍ പദ്ധതികളുടെ അവസ്ഥയും സമാനമാണ്. വെറുതെ പ്രഖ്യാപിച്ചിട്ട് കാര്യമില്ലല്ലോ. 8,9 കൊല്ലം മുന്‍പ് പ്രഖ്യാപിച്ചത് പോലും നടപ്പിലായിട്ടില്ല. എന്‍ഡിഎ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വന്നാല്‍ മാത്രമേ ഇവ നടപ്പിലാകൂ. ഇത് കിട്ടിയില്ല, അത് കിട്ടിയില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തില്‍ എന്തുകൊണ്ടാണ് വികസനം നടക്കാത്തത് എന്നത് ചര്‍ച്ച ചെയ്യണം': രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വീടുണ്ടാക്കാന്‍ പറ്റിയില്ല എന്നിട്ടാണോ റെയില്‍വേ ഉണ്ടാക്കാന്‍ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ആരെയാണ് പറ്റിക്കാന്‍ നോക്കുന്നതെന്നും പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കാശുവേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. എകെജി സെന്ററില്‍ നിന്ന് പണം കൊണ്ടുവരാന്‍ പോവുകയാണോ എന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു. അതിവേഗ റെയിലിനെക്കുറിച്ചുളള ആവര്‍ത്തിച്ച ചോദ്യങ്ങളോട് അദ്ദേഹം പ്രകോപിതനായി. നിങ്ങള്‍ അജണ്ട സെറ്റ് ചെയ്യേണ്ട എന്നായിരുന്നു മറുപടി.
കേരളത്തിന് സമ്പൂർണ നിരാശ സമ്മാനിക്കുന്നതായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ്. കേരളം ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ എയിംസ്, അതിവേഗ റെയിൽപാത എന്നിവയിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചർച്ച ഉയർന്നുവന്ന കേരളത്തെ തഴഞ്ഞത്. വലിയ പ്രഖ്യാപനങ്ങൾ ഇല്ലാതെയാണ് ബജറ്റ് അവസാനിച്ചത്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി.
അപൂർവ്വ ധാതുക്കൾക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറിൽ ഉൾപ്പെടുത്തി എന്നതാണ് കേരളത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന അപൂർവ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കടലാമ പരിചരണത്തിന് കേരളത്തിലും കർണാടകത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതോടെ കേരളത്തെ അവഗണിച്ചെന്ന വിമര്‍ശനം ഉയര്‍ത്തി കടലാമകളുടെ ചിത്രം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പുറമെ സംസ്ഥാനങ്ങൾക്കുള്ള പദ്ധതിവിഹിതം 50 ശതമാനം ആക്കണം എന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി തള്ളുകയും ചെയ്തു.
Content Highlights: Rajeev Chandrasekhar about union budget 2026; kerala govt didnt implement announced projects