

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. പ്രചാരണ ജാഥയില്‍ പങ്കെടുക്കണമെന്ന് വി ഡി സതീശന്‍ തരൂരിനോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് കഴിഞ്ഞാല്‍ പാര്‍ട്ടി വേദികളില്‍ സജീവമാകുമെന്നും പ്രചാരണ ജാഥയില്‍ സജീവമായി പങ്കെടുക്കുമെന്നും വി ഡി സതീശന് ശശി തരൂര്‍ ഉറപ്പ് നല്‍കി. ഫെബ്രുവരി ആറിനാണ് വി ഡി സതീശന്‍ നയിക്കുന്ന ജാഥ കാസര്‍കോട് ജില്ലയില്‍ നിന്നും പര്യടനം ആരംഭിക്കുന്നത്.
കോണ്‍ഗ്രസിന്റെ വിജയം തന്നെയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശശി തരൂര്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒറ്റപ്പാര്‍ട്ടി മാത്രമെ തനിക്ക് ജീവിതത്തിലുള്ളൂവെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയത്തിനായാണ് താന്‍ ഇറങ്ങാന്‍ പോകുന്നതെന്നും തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വമ്പിച്ച ഭൂരിപക്ഷം നിയമസഭയില്‍ കാണട്ടെ. ഒറ്റപ്പാര്‍ട്ടിയെ തനിക്കുള്ളൂ. ഇത് പതിനേഴാമത്തെ വര്‍ഷമാണെന്നും ശശി തരൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓഫീസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. സിപിഐഎമ്മുമായി തരൂര്‍ അടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു ഇത്. പിന്നാലെയാണ് ഇന്ന് വി ഡി സതീശനും തരൂരിനെ വീട്ടിലെത്തി കണ്ടത്. കോണ്‍ഗ്രസിന് താങ്കളെ ആവശ്യമുണ്ടെന്നായിരുന്നു കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി തരൂരിനോട് പറഞ്ഞത്. കേരളത്തില്‍ തീരുമാനങ്ങളെടുക്കുക തരൂരിനെ കൂടി കേട്ടായിരിക്കും. എല്ലാ പരിഗണനയും നല്‍കുമെന്നും രാഹുല്‍ ഗാന്ധി ശശി തരൂരിന് ഉറപ്പ് നല്‍കി. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്നും രാഹുല്‍ ഗാന്ധി ശശി തരൂരിനോട് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Congress V Satheesan Visit Shashi Tharoor at his residence