ബിജെപിയെ സഹായിക്കുക ലക്ഷ്യം :നേമത്ത് മത്സരിക്കില്ലെന്ന സതീശന്‍റെ പ്രതികരണത്തിന് ശിവൻകുട്ടിയുടെ മറുപടി

'ഒത്തുകളി പുറത്തുവരുമ്പോള്‍ ഉണ്ടായ പരിഭ്രമമാണ് ചര്‍ച്ച വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച് സതീശന്‍ നടത്തുന്ന വിലാപങ്ങള്‍ക്ക് പിന്നിൽ'

ബിജെപിയെ സഹായിക്കുക ലക്ഷ്യം :നേമത്ത് മത്സരിക്കില്ലെന്ന സതീശന്‍റെ പ്രതികരണത്തിന് ശിവൻകുട്ടിയുടെ മറുപടി
dot image

തിരുവനന്തപുരം: നേമത്ത് മത്സരിക്കാനില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായാണെന്ന് വി ശിവന്‍കുട്ടി. വി ഡി സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്. നേമത്ത് ബിജെപിയെ സഹായിക്കുക പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക. ഇതാണ് ഈ ഡീലിന്റെ അന്തസത്ത. ഈ ഒത്തുകളി പുറത്തുവരുമ്പോള്‍ ഉണ്ടായ പരിഭ്രമമാണ് ചര്‍ച്ച വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച് സതീശന്‍ നടത്തുന്ന വിലാപങ്ങള്‍ക്ക് പിന്നിലെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.

Also Read:

തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത് എന്ന് സതീശന്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് സതീശന് ഒരു യഥാര്‍ത്ഥ വിഷയമായി തോന്നാത്തത് എന്തുകൊണ്ടാണ്? ഈ മണ്ണില്‍ വര്‍ഗീയത വിതയ്ക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയമായി നേരിടേണ്ട വിഷയം തന്നെയല്ലേയെന്നും ശിവന്‍കുട്ടി ചോദിച്ചു.

ഒരേ സമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി ഡി സതീശന്‍ കൈക്കൊള്ളുന്നത്. വര്‍ഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളെയും എകെജി സെന്ററിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമം സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. ഉന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിന് പകരം വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചര്‍ച്ചയെ താഴ്ത്തിക്കൊണ്ട് പോകാനാണ് പ്രതിപക്ഷ നേതാവ് എപ്പോഴും ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വി ഡി സതീശനെ നിയന്ത്രിക്കുന്നത് പിആര്‍ ഏജന്‍സികളാണ്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ കനഗോലു ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്ന ജനങ്ങള്‍ തന്നെയാണെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

'പബ്ലിസിറ്റി തരല്ലേ' എന്ന് കേഴുന്ന സതീശന്‍ യഥാര്‍ത്ഥത്തില്‍ ഭയപ്പെടുന്നത് ജനങ്ങള്‍ക്ക് മുന്നില്‍ തന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടുമെന്നതാണ്. തോട്ടയിട്ട് പിടിക്കാന്‍ നോക്കുന്നു എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ പരിഹാസ്യമാണ്. രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടാന്‍ കെല്‍പ്പില്ലാത്തവരാണ് ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങളുമായി വരുന്നതെന്നും വി ശിവന്‍കുട്ടി ചൂണ്ടിക്കാണിച്ചു.

ബിജെപിയുമായുള്ള വഴിവിട്ട ബന്ധം മറച്ചുവെക്കാന്‍ നടത്തുന്ന ഈ നാടകങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല. വികസനവും മതേതരത്വവും ചര്‍ച്ചയാകുമ്പോള്‍ കോണ്‍ഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തില്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Content Highlight; Goal is to help BJP: Sivankutty's response to Satheesan's response that he will not contest in Nemoth

dot image
To advertise here,contact us
dot image