കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദതന്ത്രങ്ങളുടെ ഇരയാണോ സി ജെ റോയ് എന്നതടക്കം സമഗ്രമായി അന്വേഷിക്കണം: എ എ റഹീം

'സ്വതന്ത്രവും നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ ഒരന്വേഷണത്തിലൂടെ ഈ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണം'

കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദതന്ത്രങ്ങളുടെ ഇരയാണോ സി ജെ റോയ് എന്നതടക്കം സമഗ്രമായി അന്വേഷിക്കണം: എ എ റഹീം
dot image

തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയ സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് എ എ റഹീം എംപി. സ്വതന്ത്രവും നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ ഒരന്വേഷണത്തിലൂടെ ഈ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദതന്ത്രങ്ങളുടെ ഇരയാണോ സി ജെ റോയ് എന്നതടക്കം സമഗ്രമായ അന്വേഷണത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. ഒരു വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ച സാഹചര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി അദ്ദേഹത്തിന് നീതി ഉറപ്പാക്കണമെന്നും എ എ റഹീം എം പി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എ എ റഹീമിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ശ്രീ സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവുംരേഖപ്പെടുത്തുന്നു. ബംഗളൂരുവിലെ കോര്‍പ്പറേറ്റ് ഓഫീസിനുള്ളില്‍ ഐ ടി റെയ്ഡ് നടക്കുന്നതിനിടെ അദ്ദേഹം 'സ്വയം വെടിയുതിര്‍ത്തു'എന്ന വാര്‍ത്ത ഏറെ ഞെട്ടലുളവാക്കുന്നതാണ്. സ്വതന്ത്രവും നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ ഒരന്വേഷണത്തിലൂടെ ഈ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ട് വരണം. കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദ്ദതന്ത്രങ്ങളുടെ ഇരയാണോ സി ജെ റോയ് എന്നതടക്കം സമഗ്രമായ അന്വേഷണത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ച സാഹചര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി അദ്ദേഹത്തിന് നീതി ഉറപ്പാക്കണം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദനയില്‍ പങ്ക് ചേരുന്നു.

Also Read:

ഇന്ന് ഉച്ചയോടെയാണ് റോയ് ജീവനൊടുക്കുന്നത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്‌യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് റോയ്‌യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ചായിരുന്നു റോയ് നിറയൊഴിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോയ്‌യെ ആദായ നികുതി ഉദ്യോഗസ്ഥര്‍ തന്നെയാണ് ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ ആദായ നികുതി വകുപ്പിനെതിരെ ഗുരുത ആരോപണവുമായി റോയ്‌യുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദിയെന്നായിരുന്നു സഹോദരന്‍ സി ജെ ബാബു ആരോപിച്ചത്. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നു. മൂന്ന് ദിവസമായി റോയിയെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഇത് റോയ്‌യെ മാനസികമായി തളര്‍ത്തി. ഇക്കഴിഞ്ഞ ഡിസംബറിലും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയിരുന്നുവെന്നും സഹോദരന്‍ പറഞ്ഞിരുന്നു.

Also Read:

തൃശൂര്‍ സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ 'സീറോ ഡെബിറ്റ്' (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്‌സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.

കോളജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്ന് റോയ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2006ല്‍ തുടക്കമിട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ നടപ്പിലാക്കിയാണ് വളര്‍ന്നത്. തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, റീട്ടെയില്‍ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തല്‍പരനായിരുന്നു സി ജെ റോയ്.

Content Highlights- A A Rahim mp demand proper inquiry over death of condident group owner c j roy

dot image
To advertise here,contact us
dot image