

പ്രമുഖ ബില്‍ഡര്‍ സി ജെ റോയ്‌യുടെ അപ്രതീക്ഷിതമായ മരണം ബിസിനസ് രംഗത്തെ മാത്രമല്ല മലയാള സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. നിരവധി സിനിമകളാണ് ഇദ്ദേഹം നിർമിച്ചിരിക്കുന്നത്. കന്നഡയിലും മലയാളത്തിലുമായി 11 സിനിമകൾ ഇദ്ദേഹം നിർമിച്ചതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മലയാളത്തിൽ മാത്രമായി 6 സിനിമകളിൽ നിർമ്മാണ പങ്കാളിയായിരുന്നു സി ജെ റോയ്. മോഹൻലാലുമായി അടുത്ത സൗഹൃദമുള്ള ഇദ്ദേഹം മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമിച്ചതും മോഹൻലാൽ സിനിമകളാണ്.
മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ' എന്ന ചിത്രത്തിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ ആശിർവാദ് സിനിമാസിനൊപ്പം ആന്റണി പെരുമ്പാവൂരുമായി ചേർന്നാണ് സി ജെ റോയ് കാസിനോവ നിർമിച്ചത്. 12 കോടി ബജറ്റിൽ ഒരുങ്ങിയ കാസിനോവ അക്കാലത്തെ ബിഗ്ബജറ്റ് സിനിമകളിലൊന്നായിരുന്നു.

തൊട്ടടുത്ത വർഷം 2013 ൽ മറ്റൊരു മോഹൻലാൽ ചിത്രവും ഇദ്ദേഹം നിർമിച്ചു. ഈ സിനിമയും ആശിർവാദ് സിനിമാസിനൊപ്പം ആന്റണി പെരുമ്പാവൂരുമായി ചേർന്നാണ് ഒരുക്കിയത്. മോഹൻലാലും മീര ജാസ്മിനും പ്രധാന വേഷത്തിൽ എത്തിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ ആയിരുന്നു ഈ ചിത്രം. 10 കോടിയിലാണ് സിനിമ ഒരുങ്ങിയത്. പ്രിയദർശൻ സംവിധാനത്തിൽ മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ രാജാവ് എന്ന സിനിമയുടെ കോ പ്രൊഡ്യൂസർമാരിൽ ഒരാളായിരുന്നു സി ജെ റോയ്. 100 കോടിയിലായിരുന്നു ചിത്രം ഒരുങ്ങിയത്. മോഹൻലാലുമായി അടുത്ത സൗഹൃദവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മോഹൻലാലും ആന്റണി പെരുമ്പാവൂരുമൊത്തുള്ള നിരവധി ചിത്രങ്ങൾ ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്.

സി ജെ റോയ്‌യുടെ അപ്രതീക്ഷിത മരണത്തിൽ ആന്റണി പെരുമ്പാവൂർ പ്രതികരിച്ചിട്ടുണ്ട്. അവിശ്വസനീയമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും തനിക്കത് ഉള്‍ക്കൊളളാനായിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഒരുപാട് വര്‍ഷത്തെ സൗഹൃദം തനിക്ക് റോയുമായി ഉണ്ടെന്നും നടന്‍ മോഹന്‍ലാലിനും തനിക്കുമൊപ്പം നിരവധി സിനിമകളില്‍ അദ്ദേഹം അസോസിയേറ്റ് ചെയ്തിട്ടുണ്ടെന്നും പരിചയപ്പെട്ട കാലം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഓടിച്ചെല്ലാന്‍ വരെ സൗഹൃദമുണ്ടായിരുന്ന ആളാണ് സി ജെ റോയ് എന്നും അദ്ദേഹം ഇനി ഇല്ല എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയോടെ ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി ജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില്‍ അടക്കം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
Content Highlights- Most of the films produced by CJ Roy feature Mohanlal, and he is a close friend of the actor.