ഈ ബജറ്റ് ജനം വിശ്വസിക്കില്ല, യുഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിക്കും; അതാവും ഇവിടെ നടപ്പിലാക്കുക: വി ഡി സതീശൻ

തെരഞ്ഞെടുപ്പിന് മുന്‍പേ ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു

ഈ ബജറ്റ് ജനം വിശ്വസിക്കില്ല, യുഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിക്കും; അതാവും ഇവിടെ നടപ്പിലാക്കുക: വി ഡി സതീശൻ
dot image

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ജനം വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി. പത്തുവര്‍ഷം ചെയ്യാത്ത കാര്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന അവകാശവാദമാണ് നടത്തുന്നത്. ബജറ്റിനെ പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ആക്കി മാറ്റി. തെരഞ്ഞെടുപ്പിന് മുന്‍പേ ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും വി ഡി സതീശൻ പറഞ്ഞു.

കേരളത്തിലെ സാമ്പത്തികരംഗം പരിതാപകരമാണ്. അഞ്ച് മാസമായി ട്രഷറി നിയന്ത്രണം നിലനില്‍ക്കുന്നു. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ 2,500 ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. നാലര കൊല്ലം പെൻഷൻ വർധിപ്പിക്കാതെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പെന്‍ഷന്‍ വർധന. രാജ്യത്ത് ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. അധികാരത്തില്‍ തിരിച്ചു വരില്ലെന്ന് എല്‍ഡിഎഫിന് നന്നായി അറിയാം. അടുത്ത സര്‍ക്കാരാണ് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കേണ്ടത്. എല്ലാം അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ്. കിഎഫ്ബി പദ്ധതികള്‍ ഒന്നും നടക്കുന്നില്ല. ഈ ബജറ്റ് നടപ്പിലാക്കാന്‍ പോകുന്നില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമെന്നും അതാവും നടപ്പിലാക്കുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സമരം ചെയ്തപ്പോൾ ആശാവർക്കർമാരെയും അങ്കണവാടി ടീച്ചർമാരെയും പരിഹസിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ 1,000 രൂപ കൂട്ടിയിരിക്കുകയാണ്. സാമ്പത്തിക ബാധ്യത അടുത്ത സർക്കാറിന്റെ തലയിലാണ്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച 70% പദ്ധതികളും നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളുടെ ധവളപത്രം ഇറക്കാൻ പ്രതിപക്ഷ നേതാവ് കെ എൻ ബാലഗോപാലിനെ വെല്ലുവിളിച്ചു.

ഭരണ പരാജയത്തിന്റെ രേഖയാണ് ബജറ്റെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അഞ്ചുവർഷം കൊടുത്തിട്ടില്ല. വെച്ചത് ചെലവഴിക്കാതെയാണ് കൂട്ടുന്ന കാര്യം പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Content Highlights: VD Satheesan says People will not believe the kerala budget 2026

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us