

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനാടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബന്ധുക്കള്‍. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെയാണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണനില്‍ നിന്ന് ഗ്രീമ നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാഗ്യക്കേടെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ ഗ്രീമയെ സ്ഥിരം കുറ്റപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
അയര്‍ലന്‍ഡില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ഉണ്ണികൃഷ്ണന്‍. ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് മൂലമെന്നായിരുന്നു ഇയാളുടെ കുറ്റപ്പെടുത്തല്‍ എന്ന് ബന്ധുക്കള്‍ പറയുന്നു. ഒരു മാസം മുന്‍പായിരുന്നു കൃഷി ഓഫീസറായിരുന്ന ഗ്രീമയുടെ അച്ഛന്‍ എ രാജീവ് ഹൃദയാഘാതം മൂലം മരിച്ചത്. അച്ഛന്‍ മരിച്ച സമയത്ത് വീട്ടില്‍വെച്ചും ഉണ്ണികൃഷ്ണന്‍ ഗ്രീമയെ അപമാനിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഉണ്ണികൃഷ്ണനില്‍ നിന്നേറ്റ കടുത്ത മാനസിക പീഡനമാണ് ജീവനൊടുക്കുന്നതിലേക്ക് ഗ്രീമയേയും അമ്മ സജിതയേയും എത്തിച്ചതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
ഗ്രീമയുടെയും അമ്മയുടെയും മരണത്തില്‍ പൂന്തുറ പൊലീസ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഉണ്ണികൃഷ്ണനെ പൂന്തുറ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇയാളെ ഇന്ന് നാട്ടിലെത്തിക്കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഗ്രീമയുടെയും അമ്മയുടെയും മരണം വാര്‍ത്തയാകുകയും തന്റെ പേര് ഉയര്‍ന്ന് വരികയും ചെയ്തതോടെ വിദേശത്തേയ്ക്ക് കടക്കാനായിരുന്നു ഉണ്ണികൃഷ്ണന്‍ ലക്ഷ്യമിട്ടത്. ഇത് മനസിലാക്കിയ പൊലീസ് ഉണ്ണികൃഷ്ണനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. മുംബൈയിലായിരുന്ന ഇയാളെ കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ 21നായിരുന്നു ഗ്രീമയേയും അമ്മ സജിതയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഇവര്‍ എഴുതിയ കുറിപ്പുകള്‍. തങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ ഉണ്ണികൃഷ്ണന്റെ കൈകളില്‍ എത്തരുതെന്ന് ഗ്രീമ എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു. 'ഒരു പെണ്ണിന്റെ ശാപം വീണതാണ് ഈ സ്വത്തുക്കള്‍. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്‍മാരും ഈ സ്വത്തുക്കള്‍ അനുഭവിക്കാന്‍ ഇടവരരുത്. എന്റെ മാമന്‍മാര്‍ അനുഭവിക്കുന്നതാണ് എനിക്കും എന്റെ അമ്മയ്ക്കും സന്തോഷം. ദയവ് ചെയ്ത് ഇത് ആരും അവഗണിക്കരുത്. നിങ്ങള്‍ എല്ലാവരും കൂടി ദയവായി മുന്‍കൈ എടുത്ത് ഇത് നടപ്പാക്കണം. എന്റെ അവസാനത്തെ അപേക്ഷയാണ്', എന്നായിരുന്നു ഗ്രീമയുടെ കുറിപ്പില്‍ പറഞ്ഞത്.
താനും മകളും ജീവനൊടുക്കാന്‍ കാരണം ഉണ്ണികൃഷ്ണനാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സജിതയുടെ കുറിപ്പ്. ആറ് വര്‍ഷത്തോളം മകള് നേരിട്ടത് കടുത്ത അവഗണനയും മാനസിക പീഡനവുമാണെന്ന് സജിത പറഞ്ഞിരുന്നു. മകള്‍ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട. പിരിയാന്‍ തക്കതായ കാരണങ്ങളൊന്നും ഇല്ല. അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യെന്നും മടുത്തുവെന്നും സജിത പറഞ്ഞിരുന്നു. മരിക്കുന്നതിന് മുന്‍പ് ബന്ധുക്കള്‍ക്കും ഇവര്‍ ഒരു സന്ദേശം അയച്ചിരുന്നു. മകളുടെ വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു ഇവര്‍ പറഞ്ഞത്.
Content Highlights- Greema faced severe mental harassment from husband unnikrishnan says relatives to media