പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍: കൂടെ വിഎസിന്‍റെ ചിത്രവും

'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്' എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍: കൂടെ വിഎസിന്‍റെ ചിത്രവും
dot image

കണ്ണൂർ: പയ്യന്നൂർ എംഎല്‍എ ടിഐ മധുസൂദനനും പാർട്ടി നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍. വിഎസ് അച്യുതാനന്ദനൊപ്പമുള്ള കുഞ്ഞികൃഷ്ണന്റെ ചിത്രവും ചേർത്താണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. 'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്' എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പയ്യന്നൂർ തായിനേരിയില്‍ ഫ്ലക്സ് വെച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി വി കുഞ്ഞികൃഷ്ണന്‍ തന്‍റെ ആരോപണം വീണ്ടും ശക്തമാക്കിയത്. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.

അതേസമയം വി കുഞ്ഞികൃഷ്ണനെതിരായ വിമർശനം സിപിഐഎം നേതൃത്വം ഇന്നും തുടർന്നു. വി കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കോടാലിക്കൈ ആയി മാറിയെന്ന് എംവി ജയരാജന്‍ ആരോപിച്ചു. അദ്ദേഹത്തോട് യോജിക്കുന്ന ആരും ഉണ്ടാകില്ല. യാതൊരു തരത്തിലുള്ള ധനാപഹരണവും നടന്നിട്ടില്ലെന്നും എംവി ജയരാജന്‍ അവകാശപ്പെട്ടു.

ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ് പരസ്യപ്രസ്താവന. നടപടി ഉണ്ടാകുമെന്ന് വി കുഞ്ഞികൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്. പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു നയാ പൈസ ദുരുപയോഗം ചെയ്തിട്ടില്ല. ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് പാർട്ടിക്ക് അകത്ത് പറഞ്ഞിട്ടുണ്ട്. ഉചിതമായ തീരുമാനം പാർട്ടി ജില്ലാ കമ്മിറ്റി എടുക്കും. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തെ അശേഷം ഭയപ്പെടുന്നില്ലെന്നും എംവി ജയരാജന്‍ കൂട്ടിച്ചേർത്തു.

Content Highlights: Flex boards expressing support for V Kunhikrishnan have appeared in Payyannur

dot image
To advertise here,contact us
dot image