

തിരുവനന്തപുരം: ദേശീയ ട്രേഡേഴ്സ് വെൽഫെയർ ബോർഡിൽ (NTWB) അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ നാമനിർദേശം ചെയ്ത് കേന്ദ്രസർക്കാർ. ബോർഡ് രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് കേരളത്തിൽ നിന്ന് ഒരു പ്രതിനിധി ബോർഡ് അംഗമാകുന്നത്. രാജ്യത്തെ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ദേശീയ ട്രേഡേഴ്സ് വെൽഫെയർ ബോർഡിലേക്കാണ് കേരളത്തിൽ നിന്നുള്ള അംഗമായി അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ നാമനിർദേശം ചെയ്തത്.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ എംഎസ്എംഇ മന്ത്രാലയം, നീതി ആയോഗ്, ഫിനാൻസ് മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, തൊഴിൽ, ഭക്ഷ്യ–ഉപഭോക്തൃകാര്യ മന്ത്രാലയം, നികുതി തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തിൽ രാജ്യത്തെ വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഡൽഹി ആസ്ഥാനമായി കേന്ദ്രസർക്കാർ രൂപീകരിച്ചതാണ് ദേശീയ ട്രേഡേഴ്സ് വെൽഫെയർ ബോർഡ്.
കേരളത്തിൽ നിന്നുള്ള അംഗം എന്ന നിലയിൽ സംസ്ഥാനത്തെ വ്യാപാരികൾ നേരിടുന്ന നികുതി, ബാങ്കിംഗ്, ധനസഹായം, ലൈസൻസിങ്, വിപണി സംരക്ഷണം, ഡിജിറ്റൽ വ്യാപാരം തുടങ്ങിയ വിവിധ വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സഹായകരമാകും. കേരളത്തിന്റെ വ്യാപാര മേഖലക്ക് ദേശീയ തലത്തിൽ ശബ്ദം ലഭിക്കുന്നതിന്‍റെ തുടക്കമായാണ് നാമനിർദേശത്തെ വിലയിരുത്തുന്നത്.
നിലവിൽ ദക്ഷിണ റെയിൽവേ ഉപദേശക സമിതിയായ ( ZRUCC ) അംഗവും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഉപ കമ്മിറ്റി ചെയർമാനും ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മലപ്പുറം സെൻറർ ചെയർമാനും ചരക്ക് സേവന നികുതി വകുപ്പ് സംസ്ഥാനതല പരാതി പരിഹാര കമ്മിറ്റി അംഗവുമാണ് സിറാജുദ്ദീൻ.