

കണ്ണൂര്‍: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 27ന് വിധി പറയും. കുന്ദമംഗലം കോടതിയാണ് കേസ് പരിഗണിച്ചത്. ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഷിംജിതയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും മോണിമെന്ററി ബെനഫിറ്റും ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തുവെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ല. ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടും. മറ്റ് വ്‌ളോഗര്‍മാരും ഇത്തരം പ്രവര്‍ത്തികള്‍ വീണ്ടും ചെയ്യുകയും അതുവഴി കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റില്‍ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തനിക്ക് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന മൊഴിയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത.
Content Highlight; Deepak death case: Shimjita’s bail plea to be decided on 27; police say video was circulated with malicious intent