

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശും തമ്മില്‍ അടുത്ത സൗഹൃദം. പോറ്റി-അടൂര്‍ പ്രകാശ് കൂടിക്കാഴ്ച കേരളത്തിന് പുറത്ത് വെച്ചും നടന്നുവെന്നതിന്റെ തെളിവ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
ബെംഗളുരുവില്‍ വെച്ചുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണിത്. അടൂര്‍ പ്രകാശിനെ കാണുമ്പോള്‍ പോറ്റിയുടെ സുഹൃത്തും സ്‌പോണ്‍സറുമായ രമേശ് റാവുവും പോറ്റിക്ക് ഒപ്പമുണ്ട്. പോറ്റിയും ഒപ്പമുള്ളവരും അടൂര്‍ പ്രകാശിന് സമ്മാനം നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.
പോറ്റിയുടെ സഹോദരിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിലും അടൂര്‍ പ്രകാശ് എത്തിയിരുന്നു. സഹോദരിയുടെ വീട്ടിലെ ചടങ്ങില്‍ അടൂര്‍ പ്രകാശ് പങ്കെടുക്കുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടറിന് ലഭിച്ചു. പോറ്റിയുടെ പുളിമാത്തെ തറവാട് വീട്ടിലും അടൂര്‍ പ്രകാശ് നിത്യസന്ദര്‍ശകനായിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മുൻ മന്ത്രി കടംപള്ളി സുരേന്ദ്രനും മുൻ റാന്നി എംഎൽഎയും നിലവിലെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും സന്ദർശനം നടത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. ഇരുവരും ജനപ്രതിനിധികളായിരിക്കെയായിരുന്നു സന്ദർശനം നടത്തിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നൽകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പോറ്റിയുടെ കുടുംബത്തിന് ഒപ്പവും ഇരുവരും ദൃശ്യങ്ങളെടുത്തു. എന്നാൽ ചിത്രത്തെ മുൻനിർത്തി വിവരം രാജു എബ്രഹാമിനോട് ചോദിച്ചപ്പോൾ താൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയില്ലെന്നായിരുന്നു റിപ്പോർട്ടറിനോട് പറഞ്ഞ മറുപടി. പക്ഷേ, ചിത്രം അയച്ച് നൽകിയപ്പോൾ വീട്ടിൽ വെച്ച് എടുത്ത ചിത്രമല്ലെന്നും സന്നിധാനത്ത് വെച്ച് എടുത്ത ചിത്രമാണെന്നും രാജു എബ്രഹാം പ്രതികരിച്ചിരുന്നു.
Content Highlights: sabarimala gold theft case main accused unnikrishnan potty close ties with adoor prakash