ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുവെന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ഇറാന്‍; പശ്ചിമേഷ്യ യുദ്ധഭീതിയിലോ?

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാമെന്നും ട്രംപ്

ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുവെന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ഇറാന്‍; പശ്ചിമേഷ്യ യുദ്ധഭീതിയിലോ?
dot image

തെഹ്‌റാന്‍: ഇറാനിലേക്ക് അമേരിക്കയുടെ പടനീക്കം. ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഈ മേഖലയിലേക്ക് വലിയ കപ്പല്‍പടയെ വിന്യസിച്ചിട്ടുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഈ സംഘത്തെ ഉപയോഗിക്കേണ്ടി വരില്ലായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

'ഇറാനിലേക്ക് വലിയ ഫ്‌ളോട്ടില പോയിക്കൊണ്ടിരിക്കുകയാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നുതെന്ന് നമുക്ക് നോക്കാം. ഇറാനിലേക്ക് വലിയ ശക്തികളെ അയച്ചിരിക്കുകയാണ്. ഒന്നും സംഭവിക്കാതിരിക്കാനാണ് എനിക്ക് ഇഷ്ടം. പക്ഷേ, ഇറാനെ വളരെ അടുത്ത് നമ്മള്‍ നിരീക്ഷിക്കുകയാണ്', ട്രംപ് പറഞ്ഞു. ഇറാനിലെ പ്രക്ഷോഭത്തിനിടയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭരണകൂടം നടത്തിയ അക്രമങ്ങളില്‍ രൂക്ഷ വിമര്‍ശനം ട്രംപ് നടത്തിയിരുന്നു.

പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാല്‍ ഇറാനില്‍ സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെയാണ് പ്രക്ഷോഭകാരികളെ തൂക്കിലേറ്റുമെന്ന തീരുമാനത്തില്‍ നിന്ന് ഇറാന്‍ പിന്മാറിയതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. '837 പേരുടെ തൂക്കുകയര്‍ ഞാന്‍ ഒഴിവാക്കി കൊടുത്തു. അവര്‍ മരിച്ചുപോയേനെ. അവരെ ഓരോരുത്തരെയും തൂക്കിലേറ്റുമായിരുന്നു', ട്രംപ് പറഞ്ഞിരുന്നു.

ഇറാനിലേക്ക് അടുത്ത ദിവസങ്ങളിലായി സൈനിക ഗ്രൂപ്പുകളടങ്ങിയ വിമാനം എത്തിച്ചേരുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പല്‍ അടക്കമുള്ളവ കഴിഞ്ഞ ആഴ്ച തന്നെ ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നും യാത്ര തിരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം പശ്ചിമേഷ്യയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ ഇറാന്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിയൊരാക്രമണമുണ്ടായാല്‍ മുഴുവന്‍ കരുത്തുമെടുത്ത് തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിലവില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇറാനില്‍ രാഷ്ട്രീയ പ്രക്ഷോഭം നടക്കുകയാണ്. റിയാലിന്റെ തകര്‍ച്ചയും നാണ്യപ്പെരുപ്പവും മൂലമാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം തണുപ്പിക്കാനായി രാജ്യത്ത് ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരുന്നു. പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി അമേരിക്ക രംഗത്തെത്തുകയായിരുന്നു.

Content Highlights: U S president Donald Trump says big force towards Iran

dot image
To advertise here,contact us
dot image