പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; വിവിധ ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും, നഗരത്തില്‍ ഗതാഗത നിയന്ത്രണം

രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും

പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; വിവിധ ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും, നഗരത്തില്‍ ഗതാഗത നിയന്ത്രണം
dot image

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് രാവിലെ 10.30ന് പുത്തരിക്കണ്ടത്തെത്തുന്ന മോദി തിരുവനന്തപുരം-താംബരം, തിരുവനന്തപുരം -ഹൈദരാബാദ്, നാഗര്‍കോവില്‍- മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ എന്നിവ ഫ്ലാഗ് ഓഫ് ചെയ്യും.

ഇതേ ചടങ്ങില്‍ തന്നെ ഇന്നവേഷന്‍, ടെക്‌നോളജി ആന്‍ഡ് ഒന്‍ട്രപ്രണര്‍ഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. ലൈഫ് സയന്‍സസ് മേഖലയിലെ ഡീപ് ടെക് ഇന്നവേഷന്‍, സംരംഭകത്വ പരിശീലനം, ആയുര്‍വേദ ഗവേഷണം, സുഗന്ധവ്യഞ്ജന ഇന്‍കുബേഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍ സാങ്കേതിക വിദ്യ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഹബ്. പാപ്പനംകോട് സിഎസ്ഐആറില്‍ ഹബ്ബിനായി 10 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ ചടങ്ങുകള്‍ക്കു ശേഷം പാര്‍ട്ടി വേദിയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഉച്ചയോടെ തമിഴ്നാട്ടിലേക്ക് തിരിക്കും.

നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ പരിശോധനക്ക് വിധേയമാക്കും. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് - ശംഖുമുഖം -ഓള്‍സെയിന്റ്‌സ് - ചാക്ക പേട്ട - പള്ളിമുക്ക് - പാറ്റൂര്‍ - ജനറല്‍ ആശുപത്രി - ആശാന്‍ സ്‌ക്വയര്‍- രക്തസാക്ഷി മണ്ഡപം- വി ജെ ടി- മെയിന്‍ഗേറ്റ്- സ്റ്റാച്യു- പുളിമൂട് - ആയുര്‍വേദ കോളേജ്- ഓവര്‍ ബ്രിഡ്ജ്- മേലെ പഴവങ്ങാടി- പവര്‍ഹൗസ് ജംഗ്ഷന്‍- ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ശംഖുംമുഖം - ഡൊമസ്റ്റിക് എയര്‍ പോര്‍ട്ട് -വലിയതുറ പൊന്നറപ്പാലം -കല്ലുംമ്മൂട് - അനന്തപുരി ഹോസ്പിറ്റല്‍ - ഈഞ്ചയ്ക്കല്‍ - മിത്രാനന്ദപുരം - എസ് പി ഫോര്‍ട്ട് - ശ്രീകണ്‌ഠേശ്വരം പാര്‍ക്ക് - തകരപ്പറമ്പ് മേല്‍പ്പാലം - പവര്‍ഹൗസ് ജംഗ്ക്ഷന്‍ വരെയുളള റോഡിലും ചാക്ക- അനന്തപുരി ഹോസ്പിറ്റല്‍ റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ല.

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളില്‍ പാര്‍ക്ക് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, അതിവേഗ റെയില്‍പാത സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. അതിവേഗ റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പറേഷനെ റെയില്‍വേ മന്ത്രാലയം ചുമതലപ്പെടുത്തിരുന്നു. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഈ ശ്രീധരന്റെ നേതൃത്വത്തില്‍ ആയിരിക്കും അതിവേഗ റെയില്‍വേ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഒമ്പത് മാസത്തിനകം ഡിപിആര്‍ കൈമാറാനാണ് ഇ ശ്രീധരന്‍ ശ്രമിക്കുന്നത്.

പൊന്നാനിയില്‍ ഡിഎംആര്‍സിയുടെ ഓഫീസ് തുറക്കും. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 430 കിലോമീറ്റര്‍ ദൂരത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗമാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായി തള്ളിയാണ് അതിവേഗ റെയിലുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം 2009ല്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ അതിവേഗ പാതയ്ക്കായി ഡിപിആര്‍ തയ്യാറാക്കി തുടങ്ങിയിരുന്നു. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ പദ്ധതി. നിലവില്‍ റെയില്‍വേ ലൈന്‍ ഇല്ലാത്ത മേഖലകള്‍ക്ക് മുന്‍ഗണന നല്‍കാനും ആലോചനയുണ്ട്. ആദ്യ ഡിപിആറിനെ അവഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോയത്.

Content Highlights: prime minister narendra modi arrives in kerala today

dot image
To advertise here,contact us
dot image