

അജിത്തിനെ നായകനാക്കി വെങ്കട്ട് പ്രഭു ഒരുക്കിയ ചിത്രമാണ് മങ്കാത്ത. അജിത്തിനെ വില്ലനായി അവതരിപ്പിച്ച ചിത്രം വമ്പൻ വിജയമായിരുന്നു നേടിയിരുന്നത്. ബോക്സ് ഓഫീസിലും റെക്കോർഡ് കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 14 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും റീ റീലീസ് ചെയ്തിരിക്കുകയാണ്. തിയേറ്ററിൽ എത്തുന്നതിന് മുൻപേ റെക്കോർഡ് ഇട്ടിരിക്കുകയാണ് അജിത്തിന്റെ മങ്കാത്ത. പ്രീ സെയിൽ കളക്ഷനിൽ വിജയ് ചിത്രം ഗില്ലിയുടെ റെക്കോർഡ് മങ്കാത്ത മറികടന്നു.
പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം, മങ്കാത്ത തമിഴ് നാട്ടിൽ ആദ്യ ദിനത്തിൽ 2.25 കോടി രൂപയിലധികം പ്രീ സെയിൽ നേടിയിട്ടുണ്ട്. ഗില്ലിയുടെ 2 . 15 ആയിരുന്നു പ്രീ സെയിൽ കളക്ഷൻ എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. തമിഴ് നാട്ടിൽ ഒരു റീ-റിലീസ് ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രീ സെയിൽ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മങ്കാത്ത. ഗില്ലിയുടെ ഫസ്റ്റ് ഡേ കളക്ഷനും മങ്കാത്ത മറികടക്കും എന്നാണ് റിപ്പോട്ടുകളിൽ പറയുന്നത്.
ആദ്യ ദിനം ആഗോളതലത്തിൽ 8 കോടിയ്ക്ക് അടുത്തായിരുന്നു സിനിമയുടെ കളക്ഷൻ. ഈ റെക്കോർഡ് അജിത്തിന് മറികടക്കാൻ ആകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2011 ലാണ് മങ്കാത്ത പുറത്തിറങ്ങുന്നത്. പ്രേംജി, തൃഷ, ആൻഡ്രിയ, അർജുൻ, ലക്ഷ്മി റായ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അജിത്തിന്റെ അൻപതാമത് ചിത്രം കൂടിയാണ് മങ്കാത്ത. സൺ പിക്ചേഴ്സിന്റെ ബാനറിൽ ദയാനിധി അഴഗിരി, വിവേക് രത്നവേൽ എന്നിവർ നിർമ്മിച്ച ഈ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയതും വെങ്കട്ട് പ്രഭു ആണ്.
അതേസമയം, പടയപ്പ ആണ് അവസാനമായി റീ റിലീസ് ചെയ്ത തമിഴ് ചിത്രം. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം ഇന്ത്യ ഒട്ടാകെ റീ റിലീസ് ചെയ്‌തു. വമ്പൻ വരവേൽപ്പാണ് തലൈവർ ആരാധകർ സിനിമയ്ക്ക് നൽകിയത്. ആദ്യ മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 11 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം സിനിമ നാല് കോടിയോളമാണ് സിനിമ നേടിയത്. ഇതോടെ റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രമായി പടയപ്പ മാറി. രജനിയുടെ മുൻ റീ റിലീസുകളായ ബാബ 5.3 കോടിയും ദളപതി 3.1 കോടിയുമാണ് നേടിയത്. ആദ്യ വീക്കെൻഡിൽ തന്നെ ഈ കളക്ഷൻ പടയപ്പ മറികടന്നിരുന്നു.
Content Highlights: Ajith starrer Mankatha set a new benchmark in pre-sale collections. The film surpassed the previous record held by Ghilli. Strong advance bookings reflected massive fan enthusiasm.