

കൊച്ചി: ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ എറണാകുളം വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ യുഡിഎഫ് ഭരണം ചര്‍ച്ചയാക്കി സിപിഐഎം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ട്വന്റി 20യുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് പത്തുവര്‍ഷത്തിന് ശേഷം പഞ്ചായത്തില്‍ യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. എന്‍ഡിഎ പ്രവേശനത്തോടെ പഞ്ചായത്തിലെ ട്വന്റി 20 പിന്തുണ കോണ്‍ഗ്രസ് വേണ്ടെന്ന് വെക്കുമോയെന്ന ചോദ്യമാണ് സിപിഐഎം ഉയര്‍ത്തുന്നത്.
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ എട്ടുപഞ്ചായത്തുകളില്‍ ഒന്നില്‍പോലും എല്‍ഡിഎഫിന് ഭരണം ലഭിച്ചിരുന്നില്ല. ട്വന്റി 20യും യുഡിഎഫും കൈകോര്‍ത്തതോടെയാണ് എല്‍ഡിഎഫിന് ഭരണം പിടിക്കാന്‍ സാധ്യതയുണ്ടായിരുന്ന വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തും നഷ്ടമായത്. പഞ്ചായത്തില്‍ യുഡിഎഫിന് ഏഴ് സീറ്റാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫിന് എട്ടും ട്വന്റി 20യ്ക്ക് രണ്ടും സീറ്റുകള്‍ വീതമാണ് ലഭിച്ചത്. കക്ഷിനില പ്രകാരം എല്‍ഡിഎഫ് അധികാരം പിടിക്കുമായിരുന്നു. അതിനിടെ ട്വന്റി 20 അംഗങ്ങള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും യുഡിഎഫിന്റെ റെജി തോമസ് പഞ്ചായത്ത് പ്രസിഡന്റാവുകയുമായിരുന്നു.
ട്വന്റി 20 എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായതോടെ കോണ്‍ഗ്രസ് പുത്തന്‍കുരിശ് പഞ്ചായത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നാണ് ഇടതുപക്ഷം ഉയര്‍ത്തുന്ന ചോദ്യം. വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ ട്വന്റി 20 കൂട്ടുകെട്ട് എന്നാണ് കോണ്‍ഗ്രസ് അവസാനിപ്പിക്കുക എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു. രാജിവെക്കാനുള്ള ധാര്‍മ്മികത കോണ്‍ഗ്രസ് കാണിക്കുമോയെന്ന് പി വി ശ്രീനിജന്‍ എംഎൽഎയും ചോദിച്ചു.
അതേസമയം പുത്തന്‍കുരിശില്‍ ട്വന്റി 20 അംഗങ്ങള്‍ യുഡിഎഫിനെ പിന്തുണച്ചത് സ്വതന്ത്ര താല്‍പ്പര്യത്തിലാണ് എന്നാണ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്‍റെ മറുപടി. ജയിച്ച ഒരാളും ബിജെപിയിലേക്ക് പോകില്ലെന്നും എത്ര പണം കൊടുത്താലും അവരെ സാബു ജേക്കബിന് ആര്‍എസ്എസിന്റെ കൂടാരത്തിലേക്ക് കൊണ്ടുപോകാനാവില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
'പുത്തന്‍കുരിശില്‍ ട്വന്റി 20 അംഗങ്ങള്‍ യുഡിഎഫിനെ പിന്തുണച്ചത് സ്വതന്ത്ര താല്‍പ്പര്യത്തോടെയാണ്. ജയിച്ച ഒരാളും ബിജെപിയിലേക്ക് പോകില്ല. ആരും ആര്‍എസ്എസിന്റെ കൂടാരത്തിലേക്ക് പോവില്ല. എത്ര പണം ചിലവഴിച്ചാലും അവരെ സാബുവിന് കൊണ്ടുപോകാനാവില്ല. കോണ്‍ഗ്രസ് നേതൃത്വം പ്രാദേശികമായി അവരുമായി ബന്ധപ്പെടുന്നുണ്ട്. കുന്നത്തുനാട്ടിലെ ജനങ്ങളോട് സാബു മാപ്പുപറയണം' എന്നാണ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. ജനാധിപത്യവാദികള്‍ ആരും സാബുവിനൊപ്പം പോകില്ലെന്നും ട്വന്റി 20 നനഞ്ഞ പടക്കമായി മാറി, ആ പരീക്ഷണം അവസാനിച്ചുവെന്നും ഷിയാസ് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് ട്വന്റി 20യുടെ എൻഡിഎ പ്രവേശനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വികസനം കൊണ്ടുവരുന്ന പാര്‍ട്ടിയാണ് ട്വന്റി 20യെന്നും എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ വലിയ സന്തോഷമെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.
Content Highlights: Will Congress withdraw support of Twenty20 in vadavukode Puthankurish?; CPIM questions