യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോര്‍ഡുമായി ഷാർജ വിമാനത്താവളം

കഴിഞ്ഞ വര്‍ഷം 16,770 ടണ്‍ ചരക്കുകളാണ് ഷാര്‍ജ വിമാനത്താവളം കൈകാര്യം ചെയ്തത്

യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോര്‍ഡുമായി ഷാർജ വിമാനത്താവളം
dot image

യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡുമായി ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വര്‍ഷം ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്തത് 1.94 കോടി യാത്രക്കാരാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.9 ശതമാനം വളര്‍ച്ചയാണ് 2025 ല്‍ രേഖപ്പെടുത്തിയത്. വിനോദസഞ്ചാരം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ എമിറേറ്റ് വളര്‍ച്ച നേടുന്ന സാഹചര്യത്തിലാണ് ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണവും കൂടിയത്.

2025ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 13.9 ശതമാനം വര്‍ധനവ് ഉണ്ടായതായി എയര്‍പോര്‍ട്ട് അതോതിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു കോടി 94 ലക്ഷം ആളുകളാണ് പോയവര്‍ഷം യാത്രക്കായി ഷാര്‍ജ വിമാനത്താവളത്തെ ആശ്രയിച്ചത്. 2024ല്‍ 1.71 കോടിയായിരുന്നു യാത്രക്കാരുടെ എണ്ണം. 2023ല്‍ 1.53 കോടിയും. ഓരോ വര്‍ഷവും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 35 രാജ്യന്തര എയര്‍ലൈനുകള്‍ ഷാര്‍ജയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ചരക്ക് നീക്കത്തിലും 2025ല്‍ വന്‍ വര്‍ധനവ് ഉണ്ടായി.

കഴിഞ്ഞ വര്‍ഷം 16,770 ടണ്‍ ചരക്കുകളാണ് ഷാര്‍ജ വിമാനത്താവളം കൈകാര്യം ചെയ്തത്. വ്യോമ ഗാതാഗത രംഗത്തും ചരക്ക് നീക്കത്തിലും ലേകത്തെ പ്രധാന കേന്ദ്രമെന്ന ഷാര്‍ജയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് സൂചിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏഷ്യാ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയുമായി ബന്ധിപ്പിച്ചുള്ള പ്രധാന ലോജിസ്റ്റിക് ഹബ്ബ് ആയും ഷാര്‍ജ വിമാനത്താവളം മാറുകയാണ്.

ലോകത്തിലെ പ്രധാന നഗരങ്ങളിലേക്ക് നേരിട്ടുള്ള കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിനുളള നടപടിയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ജനങ്ങളുടെ യാത്രാ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സ്മാര്‍ട്ട്ഗേറ്റ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനവും വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

Content Highlights: Sharjah International Airport has set a new record in passenger numbers, marking a significant milestone in its aviation growth and operations.

dot image
To advertise here,contact us
dot image