സഖാവിനെയും സംഘിയെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ; 'സംഘാവ്' എന്ന് വിളിക്കേണ്ട സാഹചര്യമെന്ന് ഷാഫി പറമ്പില്‍

ബിജെപിയേക്കാള്‍ വര്‍ഗീയത സിപിഐഎം മന്ത്രിമാര്‍ പറയുകയാണെന്നും സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോയുടെ തലപ്പത്ത് നരേന്ദ്രമോദിയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു

സഖാവിനെയും സംഘിയെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ; 'സംഘാവ്' എന്ന് വിളിക്കേണ്ട സാഹചര്യമെന്ന് ഷാഫി പറമ്പില്‍
dot image

കോഴിക്കോട്: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം പി. ബിജെപിയേക്കാള്‍ വര്‍ഗീയത സിപിഐഎം മന്ത്രിമാര്‍ പറയുകയാണെന്നും സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോയുടെ തലപ്പത്ത് നരേന്ദ്രമോദിയാണെന്നും ഷാഫി പറമ്പില്‍ വിമർശിച്ചു. കോഴിക്കോട് നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഷാഫിയുടെ വിമര്‍ശനം. സഖാവിനെയും സംഘിയെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണുളളതെന്നും സംഘാവ് എന്ന് വിളിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

'ഒരു മന്ത്രി എഴുന്നേറ്റ് നിന്ന് പറയുകയാണ് ജയിച്ചവരുടെ മതം നോക്കിയാല്‍, പേര് നോക്കിയാല്‍ കാര്യം മനസിലാകുമെന്ന്. സമരം നടത്തുന്നവരുടെ വസ്ത്രം നോക്കിയാല്‍ ആളെ മനസിലാകുമെന്ന് പറഞ്ഞ നരേന്ദ്രമോദിയുടെ അതേ ഭാഷയും ശൈലിയും ആശയവും സജി ചെറിയാനിലുമുണ്ടെങ്കില്‍ കേരളത്തെ എങ്ങോട്ട് കൊണ്ടുപോകാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് ആലോചിച്ച് നോക്കുക. അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അധികാരം നഷ്ടപ്പെടുമെന്ന് ബോധ്യംവന്നപ്പോള്‍ വിഷം തുപ്പുകയാണ് മന്ത്രിമാര്‍. അത്ര വൃത്തികെട്ട പ്രസ്ഥാനമായി സിപിഐഎം മാറി. തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി ഒരു സിപിഐഎമ്മുകാരനു പോലും അംഗീകരിക്കാന്‍ പറ്റാത്ത ഒരു പ്രസ്താവന നടത്തിയിട്ട് അത് തിരുത്താന്‍, തന്റെ സര്‍ക്കാരിന്റെ നയം അതല്ലെന്ന് പറയാനും താക്കീത് ചെയ്യാനും മുഖ്യമന്ത്രിക്ക് മനസില്ലെങ്കില്‍, വാക്കും ശബ്ദവും സജി ചെറിയാന്റേതാണെങ്കിലും ചിന്ത പിണറായി വിജയന്റേതാണെന്ന് കേരളത്തിലെ ജനങ്ങള്‍ കരുതും. എ കെ ബാലനെയും തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല', ഷാഫി പറമ്പില്‍ പറഞ്ഞു.

ബിജെപി ആശയക്കുഴപ്പത്തിലാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് മനസിലാകുന്നില്ലെന്നും ഷാഫി പറഞ്ഞു. 'വര്‍ഗീയത ബിജെപിയേക്കാള്‍ നല്ലോണം പറയുന്നത് സിപിഐഎമ്മിന്റെ നേതാക്കളാണ്. മന്ത്രിമാര്‍ തന്നെ എഴുന്നേറ്റ് നിന്ന് വര്‍ഗീയത പറയുന്നു. ഇനി എന്ത് കുത്തിത്തിരിപ്പ് കൊണ്ട് ഇറങ്ങണമെന്ന് അവര്‍ ആലോചിച്ചിരിക്കേണ്ട അവസ്ഥയിലേക്ക് മാറി. സഖാവെന്നും സംഘിയെന്നും വിളിക്കാന്‍ കഴിയാത്ത തരത്തില്‍ സംഘാവ് എന്ന് ചേര്‍ത്ത് വിളിക്കാവുന്ന തരത്തില്‍ ഇവര്‍ പെരുമാറുന്നത് കേരളത്തിലെ ജനം കാണുന്നുണ്ട്' എന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: narendra modi is head of cpim politbureau says shafi paramil mp

dot image
To advertise here,contact us
dot image