NDAയ്ക്കൊപ്പം സഹകരിക്കാത്തവരോട് രാജിവയ്ക്കാൻ സാബു ജേക്കബ്; മെമ്പർമാർക്ക് തന്നെ കാണാൻ വരാമെന്ന് ശ്രീനിജിൻ

സാബു ജേക്കബിന് നിലനില്‍ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയം സഹായം ആവശ്യമുണ്ടെന്നതിനാലുമാണ് നിലവിലെ കൂടുമാറ്റം എന്നും പി വി ശ്രീനിജിന്‍ ആരോപിച്ചു

NDAയ്ക്കൊപ്പം സഹകരിക്കാത്തവരോട് രാജിവയ്ക്കാൻ സാബു ജേക്കബ്; മെമ്പർമാർക്ക് തന്നെ കാണാൻ വരാമെന്ന് ശ്രീനിജിൻ
dot image

കൊച്ചി: എന്‍ഡിഎ മുന്നണിയ്‌ക്കൊപ്പം സഹകരിക്കാന്‍ കഴിയാത്ത ട്വന്‍റി 20 പഞ്ചായത്ത് അംഗങ്ങളോട് സാബു എം ജേക്കബ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന് കുന്നത്തുനാട് എംഎല്‍എ അഡ്വ. പി വി ശ്രീനിജിന്‍. സ്ഥിരീകരിക്കാന്‍ കഴിയാത്ത വിവരമാണ് ഇതെങ്കിലും ട്വന്റി 20യുടെ ഏതെങ്കിലും പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് സാബുവിന്റെ വര്‍ഗീയ രാഷ്ട്രീയത്തോട് വിജോയിപ്പുണ്ടെങ്കില്‍ ധൈര്യമായി സ്ഥലം എംഎല്‍എ എന്ന നിലയ്ക്ക് അവര്‍ക്ക് തന്നെ കാണാന്‍ വരാവുന്നതാണെന്നും നിയമപരമായ എല്ലാ സഹായങ്ങള്‍ക്കും താനും പാര്‍ട്ടിയും കൂടെയുണ്ടാകുമെന്നും ശ്രീനിജിന്‍ എംഎല്‍എ പറഞ്ഞു. ട്വന്റി 20 എൻഡിഎ മുന്നണിയ്ക്കൊപ്പം ചേർന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തദ്ദേശ തെരഞ്ഞെടുപ്പിലെ ട്വന്റി 20 പ്രകടനം എങ്ങനെയെന്ന് നോക്കുന്നതിനാണ് സാബു എം ജേക്കബ് ബിജെപി പ്രവേശനം വൈകിപ്പിച്ചതെന്ന് ശ്രീനിജിൻ ആരോപിച്ചിരുന്നു. അടപടലം ട്വന്റി 20 താഴേക്ക് പോയതിനാലും അമേരിക്ക അടക്കമുള്ളയിടങ്ങളില്‍ ബിസിനസ്സില്‍ നേരിട്ട തിരിച്ചടിയുടെ ഭാഗമായിട്ടും ഇന്ത്യയില്‍ ബിസിനസ്സില്‍ സാബു ജേക്കബിന് നിലനില്‍ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയം സഹായം ആവശ്യമുണ്ടെന്നതിനാലുമാണ് നിലവിലെ കൂടുമാറ്റം എന്നാണ് പി വി ശ്രീനിജിന്‍ പ്രതികരിച്ചത്. 'കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് ട്വന്റി 20 നേരിട്ടത്. രാഷ്ട്രീയമായി നിലനില്‍ക്കുന്നതിലും ബിസിനസ്സില്‍ അതിജീവിക്കുന്നതിനുമാണ് ബിജെപി പ്രവേശനം. സ്വാര്‍ത്ഥലാഭമാണ് ലക്ഷ്യം. ട്വന്റി 20 ബിജെപിയുടെ ബി ടീം ആണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മാറ്റി നിര്‍ത്താന്‍ ട്വന്റി 20 പിന്തുണയോടെയാണ് പലയിടത്തും കോണ്‍ഗ്രസ് ജയിച്ചത്. ഇനി കോണ്‍ഗ്രസിന്റെ നയമാണ് അറിയേണ്ടത്'; ശ്രീനിജിൻ പറഞ്ഞു.

Also Read:

ഇന്ന് ഉച്ചയോടെയാണ് ട്വന്റി 20യുടെ എൻഡിഎ പ്രവേശനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വികസനം കൊണ്ടുവരുന്ന പാര്‍ട്ടിയാണ് ട്വന്റി 20യെന്നും എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ വലിയ സന്തോഷമെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

Content Highlights: Sabu Jacob asked those not cooperating with the NDA to resign, while Srinijan responded

dot image
To advertise here,contact us
dot image