റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകം, കുഞ്ഞിനെ കുത്തിയത് കത്രികകൊണ്ട്; പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്

വിവാഹമോചനവുമായി ബന്ധപ്പെട്ട് കുട്ടിയുടെ സംരക്ഷണത്തെ ചൊല്ലിയുള്ള കേസിലെ പരാജയമാണ് കൂട്ടക്കൊലപാതകം ലക്ഷ്യമിടാൻ റാഫിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ്

റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകം, കുഞ്ഞിനെ കുത്തിയത് കത്രികകൊണ്ട്; പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്
dot image

പാലക്കാട്: ഒറ്റപ്പാലത്ത് തോട്ടക്കരയിൽ വൃദ്ധദമ്പതികളെ മരുമകൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊല്ലപ്പെട്ട നസീറിനും(63) സുഹറ(60)യ്ക്കുമൊപ്പം, ഭാര്യ സുൽഫിയത്തിനെയും നാലു വയസുകാരനായ മകനെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റാഫി എത്തിയത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

വിവാഹമോചനവുമായി ബന്ധപ്പെട്ട് കുട്ടിയുടെ സംരക്ഷണത്തെ ചൊല്ലിയുള്ള കേസിലെ പരാജയമാണ് കൂട്ടക്കൊലപാതകം ലക്ഷ്യമിടാൻ റാഫിയെ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തൽ.
കൊല നടത്താൻ സ്റ്റീൽ കത്തിയും കത്രികയും കയ്യിൽ കരുതിയാണ് പ്രതി ഒറ്റപ്പാലത്തെ സുൽഫിയത്തിന്റെ വീട്ടിലേക്ക് എത്തിയത്. സ്റ്റീൽ കത്തി കൊണ്ടാണ് നസീറിനെയും സുഹറയേയും കൊലപ്പെടുത്തിയത്. നാല് വയസുകാരൻ മകനെ കത്രിക കൊണ്ടാണ് ആക്രമിച്ചത്. റാഫി മലപ്പുറം പടപ്പറമ്പ് സ്റ്റേഷനിൽ എംഡിഎംഎ കൈവശം കേസിലെ പ്രതിയെന്നും പൊലീസ് പറയുന്നു.
റിമാൻഡിലുള്ള റാഫിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

ജനുവരി 18ന് അർധരാത്രിയിലായിരുന്നു സംഭവം. വീടിന്റെ പിറകിലൂടെ എത്തിയ റാഫി തോട്ടക്കര നാലകത്ത് നസീർ, ഭാര്യ സുഹറ എന്നിവരെ കുത്തുകയായിരുന്നു. ഇവരുടെ വളർത്തുമകളും റാഫിയുടെ ഭാര്യയുമായ സുൽഫിയ വീടിന് മുകൾ നിലയിൽ ഉറങ്ങുകയായിരുന്നു. സുൽഫിയയുടെ അടുത്ത് എത്തിയ റാഫിയെ കണ്ടതും നാല് വയസുകാരനായ മകൻ മുഹമ്മദ് ഇഷാൻ ഇയാൾക്ക് അടുത്തേക്ക് ഓടിയെത്തി. പിന്നാലെയാണ് ഇഷാനെ റാഫി കുത്തിയത്. കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഓടി രക്ഷപ്പെട്ട സുൽഫിയ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരിച്ചലിലാണ് നസീറിനെയും സുഹറയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇഷാൻ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ഇയാൾ.

Content Highlights:‌ ottappalam case; police remand report says that the accused Rafi, had intended to carry out a mass murder

dot image
To advertise here,contact us
dot image