

മുംബൈ: സിപിഐ നേതാവും യുക്തിവാദിയും എഴുത്തുകാരനുമായ ഗോവിന്ദ് പന്‍സാരെയെ വധിച്ച കേസിലെ മുഖ്യപ്രതി ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ സനാതന്‍ സന്‍സ്ത നേതാവ് സമീർ ഗായ്ക്വാദ്(43) ആണ് മരിച്ചത്. 2017 മുതല്‍ ഇയാള്‍ ജാമ്യത്തിലായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇയാളെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം മരണകാരണം സ്ഥിരീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗോവിന്ദ് പന്‍സാരെയ്ക്കും ഭാര്യ ഉമയ്ക്കും വെടിയേറ്റത്. തുടര്‍ന്ന് പന്‍സാരെ മരിച്ചു. അന്വേഷണത്തിനിടെ, കേസില്‍ സമീറിന്റെ പങ്ക് തെളിയുകയും 2015 സെപ്റ്റംബറില്‍ സാംഗ്ലിയിലെ വസതിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2017-ല്‍ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. അതിനുശേഷം കുടുംബത്തോടൊപ്പം സാംഗ്ലി നഗരത്തിലെ വികാസ് ചൗക്ക് പ്രദേശത്ത് താമസിച്ചുവരികയായിരുന്നു. കേസിൽ 12 പ്രതികളില്‍ ഒമ്പത് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: govind pansare case main accused dies of heart attack