

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബസ് ജീവനക്കാര്‍. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസിലെ ജീവനക്കാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസില്‍ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കി.
വീഡിയോ കണ്ടപ്പോഴാണ് തങ്ങളുടെ ബസ് ആണെന്ന് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായൊന്നും കാണാന്‍ കഴിഞ്ഞില്ല. ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു.
തന്റെ മകൻ പാവമായിരുന്നുവെന്നും ആരോടും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും വ്യക്തമാക്കി ദീപക്കിൻ്റെ അമ്മയും രംഗത്തെത്തിയിരുന്നു. ഒരമ്മയ്ക്കും അച്ഛനും ഈ അവസ്ഥ ഉണ്ടാകരുതെന്നും ദീപക്കിൻ്റെ അമ്മ പറഞ്ഞിരുന്നു. 'ഒരമ്മയ്ക്കുമിങ്ങനെ ഉണ്ടാകരുത്. ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. എന്റെ മകന്‍ പാവമായിരുന്നു. അവന്‍ പേടിച്ചു പോയി. ഒരു പെണ്ണിനോടും, ആരോടും അവന്‍ മോശമായി പെരുമാറിയിട്ടില്ല. മുഖം കറുപ്പിച്ച് സംസാരിച്ചിട്ടില്ല. നല്ല മോനാണെന്ന് എല്ലാവരും പറയുമായിരുന്നു', അമ്മ പറഞ്ഞു. മകനെതിരെ ആരോപണം ഉന്നയിച്ച ഷിംജിതയെ പിടികൂടണമെന്നും എങ്കിൽ മാത്രമേ നീതി കിട്ടുകയുള്ളൂവെന്നും ദീപക്കിന്റെ അച്ഛന്‍ ചോയിയും പ്രതികരിച്ചിരുന്നു.
അതേസമയം, യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയെന്നാണ് സൂചന. വടകര സ്വദേശി ഷിംജിതയ്‌ക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് തെരച്ചില്‍ തുടങ്ങി. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. യുവതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു ഉയർന്ന ആവശ്യം.
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
Content Highlights: bus staff respond after deepak death following allegation inside bus