

തിരുവനന്തപുരം: സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷ പോറ്റിക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അസുഖമാണെന്ന് പറഞ്ഞ് ഐഷ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ലെന്നും ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിസ്മയം തീർക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അങ്ങനെ അത്ഭുതം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് അയിഷാ പോറ്റിയെ ഒപ്പം ചേർത്തതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
ഐഷ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല. അസുഖമാണെന്നാണ് അപ്പോഴെല്ലാം പറഞ്ഞു കൊണ്ടിരുന്നത്. ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ ഒരു വിസ്മയവും കേരളത്തിൽ നടക്കാൻ പോകുന്നില്ല. മൂന്നാം ടേമിലേക്ക് ഇടതുമുന്നണി എത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന ഐഷ പോറ്റി കഴിഞ്ഞ ദിവസമാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. കോൺഗ്രസിന്റെ ഒരു പ്രതിഷേധ പരിപാടിയിൽവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസിന്റെ ഷാൾ അണിയിച്ച് ഐഷ പോറ്റിയെ സ്വീകരിക്കുകയായിരുന്നു. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎയായിരുന്നു ഐഷ പോറ്റി. തുടർച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിർത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാൽ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാർട്ടിയുമായി അകലുകയായിരുന്നു.
ഐഷ പോറ്റി പാർട്ടി വിട്ടതിന് പിന്നാലെ സിപിഐഎം നേതാക്കൾ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഐഷ പോറ്റി വർഗവഞ്ചകയാണെന്നും സിപിഐഎമ്മാണ് ശരിയെന്നും പാർട്ടി വിട്ട് പോകുന്നവർ തെറ്റായ വഴിയിലാണെന്നും മുന്‍ മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനമാണെന്നായിരുന്നു മന്ത്രി വി എൻ വാസവന്റെ പ്രതികരണം. വർഗവഞ്ചനയാണ് ഐഷ പോറ്റി ചെയ്തതെന്നും സ്ഥാനമാനങ്ങളോടുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമോ അതാണ് അവർ കാണിച്ചിരിക്കുന്നതെന്നുമായിരുന്നു മുൻ മന്ത്രിയായ മേഴ്‌സിക്കുട്ടിയമ്മയുടെ വിമർശനം.
എന്നാൽ വർഗവഞ്ചക എന്ന് തന്നെ വിളിക്കുന്നവർ മറ്റ് പാർട്ടിയിൽ നിന്ന് സിപിഐഎമ്മിലേക്ക് വന്ന സരിന്റേയും ശോഭന ജോർജിന്റെയും കാര്യം ഓർക്കണമെന്നായിരുന്നു ഐഷ പോറ്റിയുടെ പ്രതികരണം.
Content Highlights: CPIM leader M V Govindan has come out against former MLA Aisha Potty, who left the CPIM and joined the Congress