36,600 രൂപയ്ക്ക് പകരം 3,660 രൂപ ബാങ്കിലടച്ചു;തട്ടിപ്പ് മറക്കാൻ രസീതിൽ പൂജ്യം വരച്ചു ചേർത്ത് സർക്കാർ ഉദ്യോഗസ്ഥൻ

തട്ടിപ്പുകഥകള്‍ പുറത്ത് അറിഞ്ഞതോടെ കാന്‍സര്‍ രോഗിയാണെന്ന വ്യാജ ആശുപത്രി രേഖകളും ഇയാള്‍ ഹാജരാക്കി

36,600 രൂപയ്ക്ക് പകരം 3,660 രൂപ ബാങ്കിലടച്ചു;തട്ടിപ്പ് മറക്കാൻ രസീതിൽ പൂജ്യം വരച്ചു ചേർത്ത് സർക്കാർ ഉദ്യോഗസ്ഥൻ
dot image

തിരുവനന്തപുരം: ലോട്ടറി ഡയറക്ടറേറ്റില്‍ വന്‍ തട്ടിപ്പ് നടത്തി ക്ലര്‍ക്ക്. ലോട്ടറി ക്ഷേമനിധി ഓഫീസില്‍ 14.93 കോടിയുടെ തട്ടിപ്പ് നടത്തിയ ക്ലര്‍ക്ക് ആറ്റിങ്ങല്‍ മാമം സ്വദേശി കെ സംഗീത് ലോട്ടറി ഡയറക്ടറേറ്റിലും തട്ടിപ്പ് നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. ക്ഷേമനിധി ഓഫീസിലെ തട്ടിപ്പ് സംബന്ധിച്ച് അധികൃതര്‍ക്ക് സംശയം തോന്നിയപ്പോഴാണ് സംഗീതിനെ സ്ഥലം മാറ്റിയത്.

എന്നാല്‍ ഇവിടെയും സംഗീത് തട്ടിപ്പ് നടത്തുകയായിരുന്നു. സഹപ്രവര്‍ത്തകന് 36,600 രൂപ ശമ്പള ബില്‍ അനധികൃതമായി പാസാക്കി നല്‍കിയത് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഈ തുക തിരിച്ചടയ്ക്കാന്‍ സംഗീതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ട്രഷറിയില്‍ 3,660 രൂപ മാത്രം അടക്കുകയും രസീതില്‍ ഒരു പൂജ്യം കൂട്ടിച്ചേര്‍ത്ത് ഓഫീസില്‍ ഹാജരാക്കുകയുമായിരുന്നു.

ഇതിന് പുറമേ സീനിയര്‍ സൂപ്രണ്ടിന്റെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും ഒപ്പും ഇയാള്‍ വ്യാജമായി രേഖപ്പെടുത്താറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും ഒപ്പിട്ട് സംഗീത് 36 ഉത്തരവുകള്‍ സ്വന്തമായി ഇറക്കിയതായും വ്യക്തമായിട്ടുണ്ട്. തട്ടിപ്പുകഥകള്‍ പുറത്ത് അറിഞ്ഞതോടെ കാന്‍സര്‍ രോഗിയാണെന്ന് അറിയിച്ച് ആശുപത്രി രേഖകളും ഇയാള്‍ ഹാജരാക്കി.

പക്ഷേ, ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ ഇതും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തട്ടിയെടുത്ത പണത്തില്‍ ഒരു പങ്ക് വീടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ മനോദൗര്‍ബല്യം ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് സംഗീത്.

Content Highlights: A clerk working at the Lottery Directorate has been found to have committed a major fraud.

dot image
To advertise here,contact us
dot image