

തിരുവനന്തപുരം: എക്‌സൈസില്‍ വിചിത്ര പരിഷ്‌കാരവുമായി എക്‌സൈസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാര്‍. എക്‌സൈസ് ഉദ്യോഗസ്ഥര്‍ എക്‌സൈസ് മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്നാണ് നിര്‍ദേശം. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്നായിരുന്നു നിര്‍ദേശിച്ചത്. വകുപ്പ് മന്ത്രി എം ബി രാജേഷ് പോലുമറിയാതെയാണ് അജിത് കുമാര്‍ ഇത്തരത്തില്‍ ഒരു പരിഷ്‌കരണവുമായി വന്നത്.
ഇന്നലെ ചേര്‍ന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയും ജോയിന്റ് കമ്മീഷണര്‍മാരുടെയും യോഗത്തിലായിരുന്നു അജിത് കുമാര്‍ ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാതെ എക്‌സൈസ് നട്ടം തിരിയുമ്പോഴാണ് കമ്മീഷണറുടെ നിര്‍ദേശം എന്നതാണ് ശ്രദ്ധേയം. മന്ത്രിക്ക് എസ്‌കോര്‍ട്ട് നല്‍കുന്ന ദിവസം എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ വേണ്ടെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ മിനുറ്റ്‌സില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.
എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശത്തില്‍ മന്ത്രി എം ബി രാജേഷിന് കടുത്ത അതൃപ്തി അറിയിച്ചതായാണ് വിവരം. സംഭവം വാര്‍ത്തയായതോടെ മന്ത്രി എം ബി രാജേഷിന്റെ ഓഫീസ് അജിത് കുമാറുമായി ബന്ധപ്പെട്ടു. ജില്ലയുടെ മേധാവിയായ ഡെപ്യൂട്ടി കമ്മീഷണര്‍, മന്ത്രി അതാത് ജില്ലയില്‍ എത്തുമ്പോള്‍ ബ്രീഫ് ചെയ്യാറുണ്ടെന്നും അതില്‍ അടുത്തിടെ ചില വീഴ്ചകള്‍ സംഭവിച്ചെന്നുമാണ് എക്‌സൈസ് കമ്മീഷര്‍ ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണം. അത് ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തതെന്നും എക്‌സൈസ് കമ്മീഷണര്‍ വിശീകരിച്ചു.
Content Highlights- M R Ajith Kumar issued a controversial department order requiring officials to escort minister m b rajesh