

നമ്മുടെ നാട്ടിൽ ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്യുന്ന സ്ത്രീകളെ ശ്രദ്ധിച്ചിട്ടില്ലേ? അവർ ഒരു സൈഡിലേക്ക് നോക്കിയിരുന്നാകും യാത്ര ചെയ്യുന്നത്. വസ്ത്രത്തിന്റെയും പാരമ്പര്യത്തിന്റെയുമൊക്കെ പേരായിരിക്കും ഈയൊരു രീതിക്ക് കാരണമായി പറയുന്നത്. ജേർണൽ ഓഫ് ഇന്ത്യൻ അക്കാദമിക്ക് ഫോറൻസിക്ക് മെഡിസിൽ വന്നൊരു പഠനമാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്. ഒരു വശത്തേക്ക് തിരിഞ്ഞ് യാത്ര ചെയ്യുന്ന സ്ത്രീയാത്രികർക്ക് ബൈക്ക് അപകടങ്ങളിൽ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കാൻ സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്.
സ്ത്രീകൾ ഇത്തരത്തിൽ ഒരു വശത്തേക്ക് മാത്രം നോക്കിയിരിക്കുന്ന രീതി ആരംഭിച്ചത് ബൈക്കുകൾ കണ്ടുപിടിക്കുന്നതിനുമൊക്കെ മുമ്പേ തന്നെയുണ്ട്. പണ്ടൊക്കെ കുതിര സവാരി ചെയ്യുമ്പോൾ ഇങ്ങനെയാണ് സ്ത്രീകൾ ഇരുന്നിരുന്നത്. ഇത് എളിമ, വസ്ത്രധാരണ രീതി, സാമൂഹികമായ കാഴ്ചപ്പാട് ഇവയെല്ലാം അടിസ്ഥാനമാക്കിയായിരുന്നു. ഇന്ത്യയിലെത്തുമ്പോൾ നീളൻ പാവാടകൾ, സാരി, പാരമ്പര്യരീതിയിലുള്ള വസ്ത്രങ്ങൾ എന്നിവയാണ് ഇരിക്കുന്നത് ഈ രീതിയുണ്ടാവാൻ കാരണം.
കാലുകൾ ഇരുവശത്തുമിട്ട് യാത്ര ചെയ്യുന്നതിന് തടസമായ പ്രധാന കാരണം വസ്ത്രധാരണം തന്നെയാണ്. ഒരേഭാഗത്ത് തന്നെ കാലുകൾ വച്ച് യാത്ര ചെയ്യുന്നത് വസ്ത്രം ധരിച്ചിരിക്കുന്ന രീതിയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്നത് മാത്രമായിരുന്നു മേന്മ. പല വിഭാഗങ്ങളിലും സ്ത്രീകൾ ഇങ്ങനെയിരിക്കുന്നതാണ് ശരിയായ രീതിയെന്ന് തന്നെയായിരുന്നു വിശ്വാസം. കാലം കടന്നുപോയപ്പോൾ വസ്ത്രധാരണ രീതിയിൽ തന്നെ വ്യത്യാസമാണ് ബൈക്ക് യാത്രയിൽ പിറകിലിരിക്കുന്നവർക്ക് സുരക്ഷിതമായ രീതിയിൽ യാത്ര ചെയ്യാൻ അവസരമൊരുക്കിയത്.
പെട്ടെന്ന് ബൈക്കുകൾ ബ്രേക്ക് ചെയ്യുമ്പോൾ, കൂട്ടിയിടികൾ ഉണ്ടാകുമ്പോൾ, പെട്ടെന്ന് ദിശ മാറുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ പെട്ടെന്ന് ബാധിക്കപ്പെടുന്നത് ഇത്തരത്തിൽ യാത്രചെയ്യുന്നവരാകും. ഇങ്ങനെയിരിക്കുമ്പോൾ പെട്ടെന്ന് താഴേക്ക് മറിഞ്ഞുവീഴാനുള്ള സാധ്യത കൂടുതലാണ്.
ഇന്നത്തെ കാലത്തും സൈഡിലേക്ക് നോക്കിയിരിക്കാൻ കഴിയുന്ന രീതിയിലുള്ള സജ്ജീകരണങ്ങൾ ബൈക്കുകളിൽ കാണാം. വസ്ത്രങ്ങൾ ഇവയിൽ കുരുങ്ങിയും മറ്റും അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. സുരക്ഷയെ കുറിച്ച് ഓർക്കാതെ പലരും ഇപ്പോഴും ഇത്തരം യാത്രാരീതി തുടരുന്നുണ്ട്. അമ്മമാർ പിന്തുടരുന്ന രീതി പെൺമക്കളിലേക്കും വരുന്ന അവസ്ഥയാണ് പലവീടുകളിലുമുള്ളത്.
Content highlights: the reason behind why woman sitting sideways on motorbikes, know about centuries old story