'ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനം'; കേരള കോൺഗ്രസ് എം മുന്നണിവിടില്ലെന്ന് വി എൻ വാസവൻ

ഐഷ പോറ്റിയുടെ മാറ്റം കാരണം ഒരു ക്ഷീണവും പാർട്ടിക്ക് സംഭവിക്കില്ലെന്ന് വാസവൻ

'ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനം'; കേരള കോൺഗ്രസ് എം മുന്നണിവിടില്ലെന്ന് വി എൻ വാസവൻ
dot image

തിരുവനന്തപുരം: സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റിയെ വിമർശിച്ച് മന്ത്രി വി എൻ വാസവൻ. ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനമനാണെന്ന് വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. ഐഷ പോറ്റിയുടെ മാറ്റം കാരണം ഒരു ക്ഷീണവും പാർട്ടിക്ക് സംഭവിക്കില്ലെന്നും വാസവൻ വ്യക്തമാക്കി.

കേരള കോൺഗ്രസ് എം എൽഡിഎഫ് മുന്നണിവിട്ട് യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളോടും വാസവൻ പ്രതികരിച്ചു. മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ് എം അധ്യക്ഷനായ ജോസ് കെ മാണി തന്നെ വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയെ കണ്ട് നേരിട്ടും അവർ ഇക്കാര്യം അറിയിച്ചതാണ്. കനഗോലുവിന്റെ ഉപദേശ പ്രകാരമാണ് ചില മാധ്യമങ്ങൾ വഴി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. വരില്ലെന്ന് പറഞ്ഞിട്ടും കോൺഗ്രസ് കേരള കോൺഗ്രസിന്റെ പിന്നാലെ നടക്കുകയാണ്. ആത്മവിശ്വാസക്കുറവ് കൊണ്ടാണ് ഇത് ചെയ്യുന്നത്. കോൺഗ്രസിൽ തമ്മിൽ തല്ലും കടിപിടിയുമാണെന്നും വാസവൻ പറഞ്ഞു.

വർഗവഞ്ചനയാണ് ഐഷ പോറ്റി ചെയ്തതെന്നും സ്ഥാനമാനങ്ങളോടുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമോ അതാണ് അവർ കാണിച്ചിരിക്കുന്നതെന്നും സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിയമ്മയും വിമർശിച്ചിരുന്നു. ഇതിനെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.

മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന ഐഷ പോറ്റി ഇന്നലെയാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. കോൺഗ്രസിന്റെ ഒരു പ്രതിഷേധ പരിപാടിയിൽവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസിന്റെ ഷാൾ അണിയിച്ച് ഐഷ പോറ്റിയെ സ്വീകരിക്കുകയായിരുന്നു. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎയായിരുന്നു ഐഷ പോറ്റി. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു.

Content Highlights : CPIM minister VN Vasavan says Aisha Potty's approach is deceptive

dot image
To advertise here,contact us
dot image