

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളില്‍ രണ്ടിടത്ത് യുഡിഎഫും ഒരു വാര്‍ഡില്‍ എല്‍ഡിഎഫും ജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്തും മലപ്പുറം മുത്തേടം പഞ്ചായത്തിലെ പായിംപാടത്തും യുഡിഎഫ് വിജയിച്ചപ്പോള്‍ പാമ്പാക്കുട പഞ്ചായത്തില്‍ ഓണക്കൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വിഴിഞ്ഞത്തെ സിറ്റിങ് സീറ്റ് നഷ്ടമായത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി.
വിഴിഞ്ഞം വാര്‍ഡില്‍ 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ എച്ച് സുധീര്‍ഖാന്‍ വിജയിച്ചത്. കെ എച്ച് സുധീര്‍ഖാന്‍ 2902 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എ നൗഷാദ് 2819 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി സര്‍വശക്തിപുരം ബിനു 2437 വോട്ടുകളും നേടി. ഈ വിജയത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ സീറ്റ് എണ്ണം 20 ആയി. 2015ല്‍ കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്ത വിഴിഞ്ഞം വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുകയാണ്. സ്വന്തം നിലയില്‍ കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടായിരുന്ന ബിജെപിയുടെ പ്രതീക്ഷകളും ഈ ഫലത്തോടെ അസ്തമിച്ചു.
വിഴിഞ്ഞത് എല്‍ഡിഎഫിന് വേണ്ടി കെ കെ ശൈലജയും കെ ടി ജലീലും പ്രചരണത്തിനെത്തിയിരുന്നതും വലിയ ശ്രദ്ധേയമായിരുന്നു. ഷാഫി പറമ്പിലിനെയായിരുന്നു യുഡിഎഫ് പ്രധാനമായും പ്രചാരണത്തിന് രംഗത്ത് ഇറക്കിയത്. മുത്തേടം പഞ്ചായത്തിലെ പായിംപാടം ഏഴാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കൊരമ്പയില്‍ സുബൈദയാണ് 222 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സുബൈദ 501 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സബീന 279 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി അനിത 14 വോട്ടും നേടി.
എറണാംകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തില്‍ ഓണക്കൂര്‍ വാര്‍ഡ് നിലനിര്‍ത്താനായതാണ് എല്‍ഡിഎഫിന്റെ ഏക ആശ്വാസം. സിപിഐഎം സ്ഥാനാര്‍ത്ഥി സി ബി രാജീവ് 221 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രാജീവ് 558 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടി പി തെളിയാമ്മേല്‍ 337 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീകാന്ത് 34 വോട്ടുകളും നേടി. 15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 9 വാര്‍ഡുകള്‍ നേടി യുഡിഎഫ് ഭരണം സ്വന്തമാക്കി.
സ്ഥാനാര്‍ത്ഥികളുടെ നിര്യാണത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് പ്രത്യേക തെരഞ്ഞെടുപ്പുകള്‍ നടത്തിയത്.
Content Highlights: The United Democratic Front won two seats in the recent local body by-election, while the Left Democratic Front secured only one seat.