

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും എല്‍ഡിഎഫുമായി പ്രതിഷേധത്തിലാണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും തെരഞ്ഞെടുത്തത് ബഹിഷ്‌കരണമെന്നായിരുന്നു വീക്ഷണം മുഖപ്രസംഗത്തില്‍ എഴുതിയത്. യുഡിഎഫില്‍ ലഭിക്കുന്ന മാന്യത എല്‍ഡിഎഫില്‍ ഇല്ലെന്ന് ഇരു പാര്‍ട്ടികള്‍ക്കും അഭിപ്രായമുണ്ടെന്നും എല്‍ഡിഎഫ് വിടുന്ന പാര്‍ട്ടികളെ ഭിന്നിപ്പിക്കാന്‍ സിപിഐഎം ശ്രമിക്കുന്നുവെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ ആരോപിച്ചു.
നിലവില്‍ എംഎല്‍എമാരായവരും എംഎല്‍എമാരാവാന്‍ കൊതിക്കുന്നവരും എല്‍ഡിഎഫിനേക്കാള്‍ തങ്ങള്‍ക്ക് താല്പര്യം യുഡിഎഫ് ആണെന്നാണ് പറയുന്നത്. എല്‍ഡിഎഫ് വിടുന്ന പാര്‍ട്ടികളെ ഭിന്നിപ്പിക്കാനും പിളര്‍ത്താനും സിപിഐഎമ്മിന് പദ്ധതിയുണ്ട്. മാണി ഗ്രൂപ്പിലും ആര്‍ജെഡിയിലും അസംതൃപ്തരെ തേടിയുള്ള സര്‍വെയും സിപിഐഎം നടത്തിക്കൊണ്ടിരിക്കുന്നു. ഇതിന് പുറമെ കോണ്‍ഗ്രസിലും മുസ്‌ലിം ലീഗിലും വിമതരെ തേടിയുള്ള യാത്രയും സിപിഐഎം ആരംഭിച്ചിട്ടുണ്ടെന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പരാമര്‍ശിച്ചു.
രാഷ്ട്രീയ കാലാവസ്ഥയുടെ വ്യതിയാനം വരും മാസങ്ങള്‍ക്കുള്ളില്‍ ഇടത് മുന്നണിയില്‍ പ്രളയവും ഉരുള്‍പൊട്ടലും സൃഷ്ടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുങ്ങുന്ന കപ്പലില്‍ നിന്ന് ക്യാപ്റ്റന്‍ പൊങ്ങിവന്ന് സ്വയംരക്ഷപ്പെടാന്‍ ശ്രമിക്കുന്നതുപോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. കാറ്റടിച്ചാലും കൊടുങ്കാറ്റടിച്ചാലും തന്റെ ഭരണം സുഭദ്രമായിരിക്കുമെന്ന് ഉറപ്പ് പറഞ്ഞ പിണറായി ഇപ്പോള്‍ മുങ്ങിച്ചാവാന്‍ ഒരുങ്ങുന്നവരോട് പറയുന്നത് തന്റെ പിന്നാലെ നീങ്ങാനാണ്. എല്ലാ രക്ഷാകവചങ്ങളും അണിഞ്ഞ് പിണറായി വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണ്. ദിക്കും നിയന്ത്രണവുമറ്റ ഇടത് മുന്നണിയെന്ന കപ്പല്‍ കടലാഴങ്ങളിലേക്ക് മുങ്ങുമ്പോള്‍ യാത്രക്കാര്‍ ജീവനുവേണ്ടി പിടയു ന്നതുപോലെയാണ് ഇടതുമുന്നണിയുടെ അവസ്ഥയെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ എഴുതി.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ ക്കുറിച്ച് വിശകലനം ചെയ്യാനോ കാരണം കണ്ടെത്താനോ ശ്രമിക്കാതെ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പിണറായി വിജയന്റെ രാഷ്ട്രീയ ബുദ്ധി ശൂന്യതയെ പൊക്കുന്നവരാണ് സിപിഎമ്മിലെയും ഘ ടകകക്ഷികളിലെയും നേതാക്കളും പ്രവര്‍ത്തകരും. ഇടതുമുന്നണിക്ക് ഇത്രയേറെ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് അവര്‍ സ്വപ്നത്തില്‍പോലും കരുതിയതല്ല. ഭരണവിരുദ്ധ വികാരവും അഴിമതിയും വ്യാ ജ നിയമനങ്ങളും പെരുകിയപ്പോള്‍ പിണറായി സര്‍ക്കാര്‍ ജനവിരുദ്ധ ഭരണകൂടമായി മാറി. തെറ്റ് തിരുത്താന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും പിണറായി തിരുത്തിയില്ല. എല്ലാ തീരുമാനങ്ങളും നടപ്പാക്കലും പിണറായിയും സംഘവും നടത്തിയെന്നും വീക്ഷണം ആഞ്ഞടിച്ചു.
വിലക്കപ്പെട്ടവനും വെറുക്കപ്പെട്ടവനുമായ എഡിജിപി എം ആര്‍ അജിത്കുമാറിന് അനുകൂലമായുള്ള മുഖ്യമന്ത്രിയുടെ നിലപാട്, പിഎം ശ്രീ ഒപ്പിട്ടത്, വെള്ളാപ്പള്ളിയുടെ പരാമര്‍ശം തുടങ്ങിയ സംഭവങ്ങളില്‍ എതിര്‍പ്പുയര്‍ത്തിയ സിപിഐക്കുപോലും തോല്‍വിയുടെ കാരണം മുഖ്യമന്ത്രിയാണെന്ന് പറയാനുള്ള ധൈര്യമുണ്ടായില്ല. ഭ്രമണപഥത്തില്‍ നിന്ന് തെറിച്ചുപോയ ഉപഗ്രഹം പോലെ നിയന്ത്രണങ്ങളുടെയും ലക്ഷ്യങ്ങളുടെയും കണ്‍ട്രോള്‍ സ്റ്റേഷനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു വലിയ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കയാണ്. ഇടത് മുന്നണിയെ സംരക്ഷിക്കാന്‍ ആര്‍ക്കും സാധ്യമല്ല. മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ കയറ് പൊട്ടിച്ച് ചാടുമ്പോള്‍ ദേശീയ നേതൃത്വം അവരെ അനുനയിപ്പിക്കുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം), ആര്‍ജെഡി എന്നി കക്ഷികള്‍ പ്രതിഷേധക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു. പ്രഥമഘട്ടത്തില്‍ ഇരു പാര്‍ട്ടികളും തെരഞ്ഞെടുത്തത് 'ബഹിഷ്‌കരണം' എന്ന മുറയാണെന്നും വീക്ഷണം ചൂണ്ടിക്കാണിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുപോലും ആദ്യം നടന്ന ഇടത് മുന്നണി യോഗത്തില്‍ നിന്നും ജോസ് കെ മാണിയും എം വി ശ്രേയാംസ് കുമാറും വിട്ടുനിന്നത് സിപിഐഎം ഗൗരവത്തിലെടുത്തില്ല. കേന്ദ്രസര്‍ക്കാരിനെതിരെ എല്‍ഡിഎഫ് പ്രഖ്യാപിച്ച സമരത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാളയത്ത് നടന്ന സത്യഗ്രഹസമരവും ഇരുനേതാക്കളും ബഹിഷ്‌കരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി ഇടത് മുന്നണി നടത്തുന്ന മേഖലാ ജാഥകളില്‍ മധ്യമേഖല ജാഥാ ക്യാപ്റ്റനായി തീരുമാനിച്ചിരിക്കുന്നത് ജോസ് കെ മാണിയെയാണ്. എന്നാല്‍ ജാഥ നയിക്കാന്‍ ജോസ് എല്‍ഡിഎഫില്‍ ഉണ്ടാകുമോ എന്ന കാര്യം ഉറപ്പില്ല. മാണി ഗ്രൂപ്പിന്റെയും ആര്‍ജെഡിയുടെയും ബഹിഷ്‌കരണങ്ങള്‍ വിലപേശല്‍ തന്ത്രമാണെന്നാണ് സിപിഐഎം നേതാക്കള്‍ പറയുന്നത്. ചെയ്യാത്തകുറ്റത്തിനാണ് തങ്ങള്‍ ജനങ്ങളില്‍ നിന്ന് എതിര്‍പ്പ് നേരിട്ടതെന്നും എല്‍ഡിഎഫിനും ഭരണത്തിനും ജനമെതിരെന്ന വികാരം വര്‍ധിപ്പിക്കുന്നതിന് മുഖ്യകാരണക്കാരന്‍ മുഖ്യമന്ത്രിതന്നെയാണ്. ഇതിന്റെ പാപഭാരം തങ്ങള്‍ക്കേറ്റെടുക്കാന്‍ വയ്യെന്ന നിലപാടിലാണ് മാണി ഗ്രൂപ്പും ആര്‍ജെഡിയും. യുഡിഎഫ് നല്‍കുന്ന മാന്യതയും സ്വാതന്ത്ര്യവും ഇടത് മുന്നണിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞെന്നും വീക്ഷണം മുഖപ്രസംഗത്തിലൂടെ തുറന്നടിച്ചു.
Content Highlight; Editorial in the magazine "veekshanam" strongly criticizes LDF