

തിരുവനന്തപുരം: ഐഷ പോറ്റിയെ ഷാള്‍ അണിയിച്ച് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ച് വി ഡി സതീശന്‍. കെ സി വേണുഗോപാലിന്റെയും സണ്ണി ജോസഫിന്‍റെയും രമേശ് ചെന്നിത്തലയുടെയും സാന്നിധ്യത്തിലായരുന്നു ഐഷ പോറ്റിയുടെ പാര്‍ട്ടി പ്രവേശനം. മൂന്ന് പതിറ്റാണ്ടുകളായി സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകയായിരുന്ന ഐഷയുടെ കൂടുമാറ്റം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. കൊട്ടാരക്കര മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള ഐഷ പോറ്റിയെ ഇക്കുറി സ്ഥാനാര്‍ത്ഥിയാക്കാനും യുഡിഎഫിന് നഷ്ടപ്പെട്ട കൊട്ടാരക്കര തിരിച്ച് പിടിക്കാനുമാണ് നീക്കമെന്നാണ് കരുതുന്നത്.
ഐതിഹാസികമായ വേദിയില്‍ വച്ച് മറ്റൊരു വിസ്മയം നടന്നു എന്നായിരുന്നു ഐഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനത്തെക്കുറിച്ച് വി ഡി സതീശന്റെ പ്രതികരണം. സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കുമ്പോഴും ഞങ്ങളുടെ മൂത്ത സഹോദരിയെ പോലെയായിരുന്നു ഐഷ പോറ്റി പെരുമാറിയിരുന്നത്. അപ്പുറത്തായിരുന്നപ്പോഴും ഐഷ പോറ്റിയോട് വലിയ ആദരവുണ്ടായിരുന്നു. ഐഷ പോറ്റിയെടുത്ത ഏറ്റവും നല്ല തീരുമാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമാവുക എന്നത്. അതേ കോണ്‍ഗ്രസിന്റെ വേദിയില്‍ എല്ലാവരും ചേര്‍ന്ന് ഐഷ പോറ്റിയെ ഈ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഐഷ പോറ്റിയെ ഹൃദയത്തില്‍ നിന്ന് സ്വീകരിക്കുന്നുവെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ പ്രതികരണം. Welcome… Welcome… Welcome ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ദീപാദാസ് മുന്‍ഷി പറഞ്ഞു. അതേസമയം സിപിഐഎം കൊട്ടാരക്കര പിടിച്ചെടുത്തത് ഐഷാ പോറ്റിയിലൂടെയാണെന്നായിരുന്നു എഐസിസി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഇത് ചരിത്ര മുഹൂര്‍ത്തമാണെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിയമസഭയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ സൗമ്യസാന്നിധ്യമായി നിലകൊണ്ടയാളാണ് ഐഷ പോറ്റി. അവരുടെ പ്രവേശനം കോണ്‍ഗ്രസിന് ശക്തി നല്‍കും. സിപിഐഎമ്മിന്റെ തെറ്റുകള്‍ക്കെതിരെയുളള പോരാട്ടമാണ് ഐഷ പോറ്റിയുടെ കൂടുമാറ്റം. ഇനിയും കൂടുതല്‍ പേര്‍ പാര്‍ട്ടിയിലെത്തുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിക്ക് കോണ്‍ഗ്രസിൽ അംഗത്വം നൽകിയത്. കൊട്ടാരക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രാസംഗികയായി എത്തിയത് മുതല്‍ ഐഷ പോറ്റി സിപിഐഎം വിടുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് ആ വാര്‍ത്തകള്‍ നിഷേധിച്ച ഐഷ പോറ്റി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ പാര്‍ട്ടി വിടുകയായിരുന്നു.
തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു.
Content Highlight; Leaders With hope for Aisha Potty's entry into Congress