

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് തിരുവല്ല മജിസ്ട്രറ്റ് കോടതി. ജനുവരി 15 വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍ തുടരും. 16ന് രാഹുലിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കും.
രാഹുലിനെതിരെ കേസെടുത്തത് പോലും നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണെന്നും മൊഴിയെടുത്താല്‍ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്ന കാര്യം പാലിച്ചില്ലെന്നും രാഹുലിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അറസ്റ്റ് വിവരം പ്രതിയോട് പറഞ്ഞില്ല. അറസ്റ്റിന്റെ കാരണങ്ങള്‍ പര്യാപ്തമല്ല. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ രാഹുല്‍ അറസ്റ്റ് നോട്ടീസില്‍ ഒപ്പിടാത്തത് എന്താണെന്ന് കോടതി തിരിച്ച് ചോദിച്ചു. അറസ്റ്റിനെ താന്‍ തടഞ്ഞിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. പൊലീസ് തന്നെ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അറസ്റ്റിന് ശേഷം ഏറെ നേരം കസ്റ്റഡിയില്‍ വെച്ചെന്നും രാഹുല്‍ പറഞ്ഞു.
തനിക്കെതിരായ പ്രതികാര നടപടിയാണ് ഇത്. ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് താനല്ല. അതുകൊണ്ട് ഹോട്ടലില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ട കാര്യമില്ല. തനിക്കെതിരായ എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
വിശദമായ ചോദ്യം ചെയ്യലിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി പരിഗണിച്ച കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടു. മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇപ്പോള്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ച് വരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നതാണ് രാഹുലിനെതിരായ കേസ്.
പീഡന പരാതി നല്‍കാന്‍ ഒരുങ്ങിയ ഘട്ടത്തില്‍ രാഹുല്‍ അതിജീവിതയ്‌ക്കെതിരെ നടത്തിയ ഗുരുതര ഭീഷണി സന്ദേശങ്ങളുടെ വിവരങ്ങളും പുറത്തുവന്നു. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും', എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ടെലഗ്രാമില്‍ അയച്ച മറുപടി സന്ദേശങ്ങളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. 'പലതും തുറന്നുപറയാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ മാത്രം മോശവും ഇവര്‍ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല. നീ ചെയ്യാന്‍ ഉള്ളത് ചെയ്. ബാക്കി ഞാന്‍ ചെയ്തോളാം', എന്നത് ഉള്‍പ്പെടെയാണ് ഭീഷണിപ്പെടുത്തല്‍.
Content Highight; Rahul Mamkootathil remanded in police custody for three days