'ഐഷ പോറ്റിയുടെ നിലപാട് അവസരവാദപരം; അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് ഇടതുപക്ഷ പ്രവർത്തകയ്ക്ക് ചേർന്നതല്ല'

അവസരവാദപരമായ നിലപാട് കൊട്ടാരക്കരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കുമെന്നും സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി ആരോപിച്ചു

'ഐഷ പോറ്റിയുടെ നിലപാട് അവസരവാദപരം; അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് ഇടതുപക്ഷ പ്രവർത്തകയ്ക്ക് ചേർന്നതല്ല'
dot image

കൊല്ലം: കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായിരുന്ന ഐഷ പോറ്റിക്കെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. ഐഷ പോറ്റിയുടെ നിലപാട് അവസരവാദപരമാണെന്നും പാര്‍ട്ടിയാണ് അവരെ എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആക്കിയതെന്നും സിപിഐഎം പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

അധികാരം ഇല്ലാത്തപ്പോള്‍ ഒഴിഞ്ഞുമാറുന്നത് പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല. ഏത് സാഹചര്യത്തിലാണ് ഐഷ പോറ്റി കോണ്‍ഗ്രസ്സിലേക്ക് പോയതെന്ന് മനസിലാകുന്നില്ല.
അവസരവാദപരമായ നിലപാട് കൊട്ടാരക്കരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കുമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി ആരോപിച്ചു.

'രണ്ട് തവണ ജില്ലാപ ഞ്ചായത്തിലേക്ക് മത്സരിപ്പിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റാക്കുകയും, മൂന്ന് തവണ കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിപ്പിച്ച് 15 വര്‍ഷക്കാലം എംഎല്‍എ ആക്കുകയും ചെയ്തത് സിപിഐഎമ്മും ഇടതുപക്ഷവുമാണ്. ഈ കാലയളവില്‍ തന്നെ സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും ഐഷാ പോറ്റിക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതും സിപിഐഎം ആണ്. ഇതും കൂടാതെ കേരള ബാര്‍ കൗണ്‍സിലില്‍ മെമ്പറായി ഐഷാപോറ്റിയെ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഐഷ പോറ്റി സ്ഥിരമായി ചുമതലകള്‍ നിര്‍വഹിക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തുകൊണ്ടിരുന്നത്. സിപിഐഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നേതാക്കളും പ്രാദേശിക പ്രവര്‍ത്തകരും പല ഘട്ടങ്ങളിലും ഐഷ പോറ്റിയോട് പാര്‍ട്ടി നല്‍കിയ ചുമതലകള്‍ നിര്‍വഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം ശാരീരികമായും കുടുംബപരമായും ചില വിഷയങ്ങള്‍ ഉള്ളതുകൊണ്ട് സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു. ഐഷാപോറ്റി അധികാരമുള്ളപ്പോള്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കുകയും അധികാരമില്ലാത്തപ്പോള്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് ഒരു ഇടതുപക്ഷ പ്രവര്‍ത്തകയ്ക്ക് ചേര്‍ന്ന നിലപാടല്ല', സിപിഐഎം വ്യക്തമാക്കി.

മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന നേതാവാണ് ഐഷ പോറ്റി. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. കൊട്ടാരക്കര മുൻ എംഎഎ ആയ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിക്കുകയായിരുന്നു. കൊട്ടാരക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രാസംഗികയായി എത്തിയത് മുതല്‍ ഐഷ പോറ്റി സിപിഐഎം വിടുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് ആ വാര്‍ത്തകള്‍ നിഷേധിച്ച ഐഷ പോറ്റി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കവെ പാര്‍ട്ടി വിടുകയായിരുന്നു.

Content Highlights: cpim kollam district committee responds to aisha potty joining congress

dot image
To advertise here,contact us
dot image