

സൂപ്പർ താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ ഒട്ടനവധി പ്രകടനം കൊണ്ടും ആരാധകരുടെ പിന്തുണ കിട്ടിയ ഒരു സീസണായിരുന്നു വിജയ് ഹസാരെ ട്രോഫിയിൽ ഇത്തവണത്തേത്. ഇപ്പോഴിതാ ടൂർണമെന്റ് അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ അവസാനിച്ചതോടെ സെമി ഫൈനലിസ്റ്റുകളുടെ കാര്യത്തിൽ തീരുമാനമായി.
പഞ്ചാബ്, വിദർഭ, കർണാടക, സൗരാഷ്ട്ര എന്നിവരാണ് സെമിയിൽ കടന്ന ടീമുകൾ. സെമിഫൈനലിൽ പഞ്ചാബും സൗരാഷ്ട്രയുമാണ് ഏറ്റുമുട്ടുക. മറ്റൊരു സെമിയിൽ കർണാടകയും വിദർഭയും ഏറ്റുമുട്ടും.
ഡൽഹിയെ 76 റൺസിന് തോൽപ്പിച്ചാണ് വിദർഭ സെമിഫൈനലിലേക്ക് പ്രവേശിച്ചത് . മധ്യപ്രദേശിനെതിരെ 183 റൺസിന്റെ കൂറ്റൻ ജയം നേടിയാണ് പഞ്ചാബ് സെമിയിലേക്ക് മാർച്ച് ചെയ്തത്.
കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ പ്പോരിൽ കർണാടക ശക്തരായ മുംബൈയെ 55 റൺസിന് കീഴടക്കിയപ്പോൾ സൗരാഷ്ട്ര ഉത്തർപ്രദേശിനെ 17 റൺസിനും കീഴടക്കി. കർണാടകയാണ് നിലവിലെ ചാമ്പ്യന്മാർ. വിദർഭയെ 36 റൺസിന് കീഴടക്കിയിരുന്നു കിരീടം ചൂടിയത്.
ജനുവരി 15 നാണ് കർണാടക-വിദർഭ സെമി പോരാട്ടം. 16 ന് സൗരാഷ്ട്രയും പഞ്ചാബും മറ്റൊരു സെമിയിൽ ഏറ്റുമുട്ടും. 18 നാണ് ഫൈനൽ
Content Highlights:vijay hazare trophy semifinal lineup, quarter final result