

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി അംഗത്തിന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവും കൗണ്‍സിലറുമായ ഫാത്തിമ തഹ്‌ലിയ. തങ്ങള്‍ക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനക്കുക എന്ന ലക്ഷ്യമേ കോഴിക്കോട്ടെ സിപിഐമ്മിനുള്ളൂവെന്ന് ഫാത്തിമ തഹ് ലിയ ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഐഎം ബിജെപിക്ക് വേണ്ടിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലകൊണ്ടത്. കോർപ്പറേഷന്‍ വാര്‍ഡ് വിഭജനത്തിലും വോട്ടര്‍പട്ടികയിലും നടന്ന അട്ടിമറികള്‍ സ്റ്റാന്‍ഡിങ് കമ്മറ്റിയിലും ആവര്‍ത്തിക്കുകയാണെന്നും ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
'കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് വിഭജനത്തിൽ നിന്നും വോട്ടർപട്ടികയിലെ അട്ടിമറി വരെയും — ഇന്നിപ്പോൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി പോലും നൽകുന്ന അവസ്ഥയിലേക്കും —
സിപിഐഎം തുടർച്ചയായി ബിജെപിക്ക് വേണ്ടിയാണ് ഈ തദ്ദേശതെരഞ്ഞെടുപ്പിൽ നിലകൊണ്ടത്.
കോഴിക്കോട്ടെ സിപിഐഎം-ന് ഇന്നൊരു ലക്ഷ്യമേ ഉള്ളൂ. തങ്ങൾക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക എന്നത് മാത്രം.', ഫാത്തിമ തഹ്‌ലിയ കുറിച്ചു.
കോഴിക്കോട് കോർപ്പറേഷനിൽ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപിഐഎം കൗൺസിലർ വിട്ടുനിന്നതിനെ തുടർന്നാണ് ബിജെപി അംഗം വിനീത സജീവൻ നികുതികാര്യ സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. കോർപറേഷന്‍റെ ചരിത്രത്തിൽ ആദ്യമായാണ് നികുതികാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക് ലഭിക്കുന്നത്.
ഒമ്പതംഗ നികുതികാര്യ സ്ഥിരംസമിതിയിൽ നാല് യുഡിഎഫ്, നാല് ബിജെപി, ഒരു എൽഡിഎഫ് എന്നിങ്ങനെയാണ് അംഗങ്ങളുടെ എണ്ണം. വോട്ടെടുപ്പ് നടന്നപ്പോൾ എൽഡിഎഫ് അംഗം വിട്ടുനിന്നു. ഇതോടെ യുഡിഎഫ്, ബിജെപി അംഗങ്ങൾ നാലുവീതമായി. ഇതേതുടർന്ന് നടന്ന നറുക്കെടുപ്പിലാണ് ബി.ജെ.പി അംഗം വിനീത സജീവൻ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.
Content Highlight : Fathima Thahiliya strongly criticized the incident of a BJP member getting the position of standing committee chairperson in Kozhikode Corporation.