വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; വീട്ടമ്മയുടെ പരാതിയിൽ സിപിഐഎം നേതാവിനെതിരെ കേസ്

പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; വീട്ടമ്മയുടെ പരാതിയിൽ സിപിഐഎം നേതാവിനെതിരെ കേസ്
dot image

കാസര്‍കോട്; വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഐഎം നേതാവിനെതിരെ കേസ്. കുമ്പള സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവില്‍ എന്‍മകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്‌കൂള്‍ അധ്യാപകനുമായ എസ് സുധാകരനെതിരെയാണ് കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തത്.

പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കി ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി. സുധാകരനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചും സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടും ബിജെപി ഉള്‍പ്പെടെ പ്രതിഷേധം നടത്തിയിരുന്നു.

ആരോപണത്തെ തുടര്‍ന്ന് സുധാകരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗം കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി കമ്മീഷൻ അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് കേസെടുത്തത്.

രണ്ടു പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയെന്നും ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി വിവാഹം മോചിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.സ്‌കൂള്‍ മുറിയില്‍നിന്ന് ഉള്‍പ്പെടെ നഗ്ന ദൃശങ്ങള്‍ പകര്‍ത്തി. 1995 മുതല്‍ പീഡനം നടത്തുകയാണ്. വിവാഹം കഴിക്കുമെന്നു പറഞ്ഞാണ് പീഡനം തുടങ്ങിയത്. എന്നാല്‍ സുധാകരന്‍ വിവാഹം കഴിച്ചില്ല. മറ്റൊരാളെയാണ് വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ജബ്ബാർ വധക്കേസില്‍ സുധാകരന്‍ ശിക്ഷിക്കപ്പെട്ടിരുന്നു. മേല്‍ക്കോടതി ശിക്ഷ റദ്ദാക്കിയതോടെ ജയില്‍മോചിതനാവുകയായിരുന്നു.

Content Highlight : Case Registered Against CPM Leader Over Alleged Sexual Assault of Housewife

dot image
To advertise here,contact us
dot image