

കൊച്ചി: തെരഞ്ഞെടുപ്പുകളില്‍ ഇനി മത്സരിക്കാനില്ലെന്ന നിലപാടിന് യാതൊരു മാറ്റവുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പാര്‍ലിമെന്ററി രാഷ്ട്രീയ രംഗത്തുനിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ താന്‍ വിടപറഞ്ഞതാണ്. പിന്നീട് പല സന്ദര്‍ഭങ്ങളിലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃതലത്തില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും നന്ദിപൂര്‍വ്വം അതൊക്കെ ഒഴിവാക്കുകയാണുണ്ടായത്. ആ നിലപാടിന് യാതൊരു മാറ്റവുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മറിച്ചുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഈ മാസം അവസാനത്തോടെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചവരുടെ കൂട്ടത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെ ഏതാനും എംപിമാരുടെ പേരുകളും ഉയര്‍ന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ അഭിപ്രായം തേടിയശേഷമേ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കൂ. മുന്‍ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വിഎം സുധീരന്റെയും പേരുകള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ പരിഗണിക്കുമെന്നാണ് വിവരം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെ അഴിയൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അഴിയൂര്‍, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വരുന്ന തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി നാദാപുരത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു. പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.
'ഏഴുതവണ എംപി, രണ്ടുതവണ കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി. എന്നിട്ടും അധികാരക്കൊതി മാറിയില്ലേ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ ഇദ്ദേഹം ഇനിയും വിശ്രമജീവിതം തുടരട്ടെ', സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ചിട്ടുള്ള പോസ്റ്ററില്‍ പറയുന്നു.
Content Highlights: V M Sudheeran says there is no change in the stance of not contesting the elections anymore