രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമക്കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമക്കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആദ്യ ലൈംഗികാതിക്രമക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫ് നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശിയായ ജോബി ജോസഫ്. രാഹുലിന്റെ നിര്‍ദേശ പ്രകാരം ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നായിരുന്നു പരാതിക്കാരി മൊഴി നല്‍കിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് ഇയാള്‍ മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് കേസുകളായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ബിഎന്‍എസ് 64 അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചുള്ള ബലാത്സംഗം, ബിഎന്‍എസ് 89 നിര്‍ബന്ധിത ഗര്‍ഭഛിദ്രം, ബിഎന്‍എസ് 319 വിശ്വാസ വഞ്ചന, ബിഎന്‍എസ് 351 ഭീഷണിപ്പെടുത്തല്‍ ഐടി നിയമം 66 ഫോണിലൂടെ ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചുവെന്നായിരുന്നു യുവതി പൊലീസിന് മൊഴി നല്‍കിയത്. ബെംഗളൂരുവില്‍ നിന്ന് രാഹുലിന്റെ സുഹൃത്തായ ജോബി മരുന്ന് എത്തിച്ചു നല്‍കിയെന്നും മരുന്ന് കഴിച്ചെന്ന് വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഉറപ്പ് വരുത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു. രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതായി യുവതി പൊലീസിനോട് പറഞ്ഞു. മരുന്നു കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഈ സമ്മര്‍ദ്ദത്തിലാണ് മരുന്ന് കഴിച്ചതെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ഒന്നാം പ്രതിയും ജോബിയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights- Rahul mamkootathil case: Court verdict on bail application of joby joseph today

dot image
To advertise here,contact us
dot image