'AC മൊയ്തീന്റെയും സേവ്യർ ചിറ്റിലപ്പിള്ളിയുടെയും ദൂതർ ജാഫറിനെ ബന്ധപ്പെട്ടു,ഡീൽ ഉറപ്പിച്ചു'; ആരോപണവുമായി ഷാനവാസ്

'സര്‍ക്കാരിനെ ബാധിക്കുന്ന വിഷയമാണ്. സ്വാഭാവികമായി വിജിലന്‍സിന് മേല്‍ സമ്മര്‍ദമുണ്ടാകാം'

'AC മൊയ്തീന്റെയും സേവ്യർ ചിറ്റിലപ്പിള്ളിയുടെയും ദൂതർ ജാഫറിനെ ബന്ധപ്പെട്ടു,ഡീൽ ഉറപ്പിച്ചു'; ആരോപണവുമായി ഷാനവാസ്
dot image

തൃശൂര്‍: വടക്കാഞ്ചേരി തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ രണ്ട് എംഎല്‍എമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി വള്ളത്തോള്‍നഗര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ജാഫറിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിടുകയും ചെയ്ത പി ഐ ഷാനവാസ്. മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ സി മൊയ്തീന്‍, വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് ഷാനവാസിന്റെ ആരോപണം. ജാഫറിന്റെ ഫോണ്‍ സംഭാഷണവും ഫോണ്‍ രേഖകളും പരിശോധിക്കണം. സര്‍ക്കാരിനെ ബാധിക്കുന്ന വിഷയമാണ്. സ്വാഭാവികമായി വിജിലന്‍സിന് മേല്‍ സമ്മര്‍ദമുണ്ടാകാമെന്നും ഷാനവാസ് പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു ഷാനവാസിന്റെ പ്രതികരണം.

വിജിലന്‍സ് ഇതുവരെ ജാഫറിനെ ചോദ്യം ചെയ്തിട്ടില്ലെന്നും തങ്ങളുമായി സംസാരിച്ചിട്ടില്ലെന്നും ഷാനവാസ് പറഞ്ഞു. വിജിലന്‍സ് നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടത്തുന്നത്. ശബ്ദരേഖയല്ലാത്ത മറ്റ് രേഖകള്‍ ഉണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എ സി മൊയ്തീന്റെ ദൂതന്‍ ജാഫറിനെ സമീപിച്ചു. അതിന് ശേഷം വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ ദൂതനും ജാഫറിനെ ബന്ധപ്പെട്ടു. ഡീല്‍ ഉറപ്പിച്ച് നടത്തിയ കച്ചവടമാണ് 27-ാം തീയതി കണ്ടത്. ഇതിനൊക്കെ തെളിവുണ്ട്. ജാഫറിന്റെ ഫോണ്‍ രേഖകള്‍ അടിയന്തരമായി പരിശോധിക്കണം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമുള്ള ജാഫറിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ എ സി മൊയ്തീന്റെ പങ്ക് മനസിലാകുമെന്നും ഷാനവാസ് പറഞ്ഞു. തന്റെ കൈവശമുള്ള ഫോണ്‍ സംഭാഷണം അടക്കമുള്ളവ വിജിലന്‍സിന് കൈമാറുമെന്നും ഷാനവാസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. രാഷ്ട്രീയമായി വിഷയത്തെ നേരിടാനാണ് തീരുമാനം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഈ രീതി തുടരാന്‍ അനുവദിക്കില്ലെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 50 ലക്ഷം രൂപ സിപിഐഎം വാഗ്ദാനം ചെയ്തതായി ജാഫറിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റായ എ എ മുസ്തഫയോട് ഇ യു ജാഫര്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയായിരുന്നു പുറത്തുവന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഇരുവരും തമ്മില്‍ സംഭാഷണമുണ്ടായത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഷാനവാസ് ഓഡിയോ പുറത്തുവിടുകയായിരുന്നു.

'രണ്ട് ഓപ്ഷനാണ് സിപിഐഎം നല്‍കുന്നത്. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് സിപിഐഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാം.' ഇതായിരുന്നു സിപിഐഎം നല്‍കിയ ഓഫര്‍. ഇതിന് പിന്നാലെ 50 ലക്ഷം രൂപ വാങ്ങാനാണ് തീരുമാനമെന്ന് ലീഗ് പ്രവര്‍ത്തകന്‍ പാര്‍ട്ടിയെ അറിയിച്ചു. എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് അംഗങ്ങള്‍ വീതമുണ്ടായിരുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി കൂറുമാറി വോട്ട് ചെയ്തതിന് പിന്നാലെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് സ്വന്തമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനാകട്ടെ ജാഫര്‍ എത്തിയതുമില്ല. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എല്‍ഡിഎഫിന്റെ കയ്യിലായി. തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം തന്നെ ജാഫര്‍ അംഗത്വം രാജിവെച്ചുകൊണ്ട് കത്തും നല്‍കി. യുഡിഎഫിനൊപ്പം നിന്നാല്‍ ഇരു പാര്‍ട്ടികളും ഏഴ് വോട്ടുകള്‍ നേടി സമനിലയില്‍ എത്തും. അതുകൊണ്ട് തനിക്ക് നേട്ടമൊന്നും ഉണ്ടാകില്ലല്ലോ എന്ന് ജാഫര്‍ ചോദിക്കുന്നതും ശബ്ദരേഖയില്‍ വ്യക്തമാണ്. എല്‍ഡിഎഫിന്റെ പക്കല്‍ നിന്ന് പണം ലഭിച്ചാല്‍ തന്റെ രാഷ്ട്രീയ ജീവിതം അതോടെ അവസാനിപ്പിക്കുമെന്നും ജാഫര്‍ പറഞ്ഞിരുന്നു.

സംഭാഷണ രേഖയാണ് പുറത്തുവന്നതെന്ന് മുസ്തഫയും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത് ഫോണിലൂടെ തമാശരൂപേണ പറഞ്ഞ കാര്യം മാത്രമാണെന്നായിരുന്നു ജാഫറിന്റെ വിശദീകരണം.

2010ല്‍ തുടങ്ങി തുടര്‍ച്ചയായ 15 വര്‍ഷങ്ങള്‍ എല്‍ഡിഎഫ് ഭരിച്ചിരുന്ന ഇടമാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്. 2020ല്‍ 13 സീറ്റുകളില്‍ 11ഉം സ്വന്തമാക്കി എല്‍ഡിഎഫ് ഭരണത്തിലെത്തിയ ബ്ലോക്ക് പഞ്ചായത്തിലാണ് ഇത്തവണ ഇരുപാര്‍ട്ടികള്‍ക്കും തുല്യ വോട്ടുകള്‍ ലഭിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറിയത്. 15 വര്‍ഷമായി തങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ബ്ലോക്കിലെ ഭരണം നിലനിര്‍ത്തുന്നതിനാണ് എല്‍ഡിഎഫ് പണം നല്‍കി പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് നിഗമനം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ വി നഫീസയാണ് ജാഫറിന്റെ വോട്ടിലൂടെ വിജയിച്ച് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്.

Content Highlights- P I Shanavas against a c moideen and Xavier Chittilappilly on wadakkanchery block poll bribe

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us