വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ നാവ്, മാധ്യമപ്രവർത്തകൻ ചോദിച്ചതിൽ എന്താണ് തെറ്റ്; വി ഡി സതീശൻ

'ചോദ്യം ചോദിച്ചതിന് മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന് വിളിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്, എല്ലാത്തിനും കുടപിടിച്ച് കൊടുക്കുന്നത് മുഖ്യമന്ത്രി'

വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ നാവ്, മാധ്യമപ്രവർത്തകൻ ചോദിച്ചതിൽ എന്താണ് തെറ്റ്; വി ഡി സതീശൻ
dot image

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചില വ്യക്തികളെ മുന്നിൽനിർത്തി അവരെകൊണ്ട് വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാക്കുകളാണ് വെള്ളാപ്പള്ളിയിലൂടെ പുറത്തുവരുന്നത്. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

ഹീനമായ വർഗീയതയും വിദ്വേഷ പ്രചാരണവുമാണ് അവർ നടത്തുന്നത്. സംഘപരിവാർ നടത്തുന്ന അതേ വിദ്വേഷ പ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത്. മുഖ്യമന്ത്രിയുടെ സർവ്വ അനുഗ്രഹങ്ങളോടും കൂടിയാണ് ഇത്തരം പരാമർശങ്ങൾ. മുഖ്യമന്ത്രിയുടെ നാവ് ആയാണ് വെള്ളാപ്പള്ളി ഇതെല്ലാം പറയുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. സിപിഐയുടെ മുതിർന്ന നേതാവിനെ ചതിയൻ ചന്തുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. വേറെ ആളുകളെ കൊണ്ടുവന്ന് എൽഡിഎഫിലെ ഏറ്റവും വലിയ നേതാവിനെ വരെ ചീത്തവിളിപ്പിക്കുകയാണ്. അത് എൽഡിഎഫിൽ വലിയ കലാപമാണ് ഉണ്ടാക്കിയത്. എല്ലാ ആഴ്ചയും ഇങ്ങനെയുള്ള ആളുകൾ ഒരു പത്രസമ്മേളനം തെരഞ്ഞെടുപ്പ് വരെയെങ്കിലും നടത്തണമെന്നും സതീശൻ പരിഹസിച്ചു.

വെള്ളാപ്പള്ളി മുസ്‌ലിംകളെയും മുസ്‌ലിം ലീഗിനെയും പറയുകയാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അന്നത്തെ ലീഗ് ഭരിച്ചിരുന്ന വിദ്യാഭ്യാസ വകുപ്പും സർക്കാരും നിരവധി സ്ഥാപനങ്ങൾ എസ്എൻഡിപിക്ക് അനുവദിച്ചിരുന്നു. അന്ന് അതിനെ പ്രകീർത്തിച്ച ആളാണ് വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകൻ ചോദിച്ചതിൽ എന്താണ് തെറ്റ്. ചോദ്യം ചോദിച്ചതിന് മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന് വിളിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്. എല്ലാത്തിനും കുടപിടിച്ച് കൊടുക്കുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് പറയാൻ പറ്റാത്തത് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളയിലെ എസ്‌ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് സതീശൻ ആരോപിച്ചു. അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. അന്വേഷണ വിവരങ്ങൾ സിപിഐഎമ്മിന് ചോർത്തി കൊടുക്കാൻ ആളുണ്ട്. സ്വർണ്ണകൊള്ളയിൽ മൂന്ന് സിപിഐഎം നേതാക്കൾ ജയിലിലാണ് ബാക്കിയുള്ളവർ ക്യൂവിലാണ്. അയ്യപ്പന്റെ സ്വർണം കവർന്നതിന് ജയിലിൽ കിടക്കുന്നവർക്കെതിരെ എന്തുകൊണ്ട് സിപിഐഎം നടപടി സ്വീകരിക്കുന്നില്ല. നടപടി സ്വീകരിക്കാത്തത് കൂടുതൽ പേരുകൾ വെളിപ്പെടുത്തുമെന്ന ഭയം കൊണ്ടാണ്. സ്വർണ്ണം കട്ടതിൽ സിപിഐഎം നാണം കെട്ടു. ബാലൻസ് ചെയ്യാൻ ആണ് നീക്കം. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ വർഗീയവാദിയാക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

സ്വർണ്ണക്കൊള്ളയിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യട്ടെ, ചോദ്യം ചെയ്താൽ പ്രതിയാകുമോ. പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവർ ആണെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യട്ടെ. തന്റെ കൂടെയും പലരും തോളിൽ കയ്യിട്ടുവരെ ഫോട്ടോ എടുക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. ബിജെപിയും ആർഎസ്എസും പറയുന്നതിന് അനുസരിച്ച് പ്രവർത്തിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് പറഞ്ഞ സതീശൻ, തെരഞ്ഞെടുപ്പ് തോൽവിയോടെ എൽഡിഎഫ് ശിഥിലമായെന്നും മറുപുറത്ത് ടീം യുഡിഎഫ് ആണ് ഉള്ളതെന്നും വ്യക്തമാക്കി.

വടക്കാഞ്ചേരിയിലെ തെരഞ്ഞെടുപ്പ് കോഴ വിവാദത്തിലൂടെ പുറത്തുവന്നത് പഞ്ചായത്ത് ഭരണം പിടിക്കാൻ സിപിഐഎം ശ്രമിച്ചതിന്റെ തെളിവാണെന്ന് സതീശൻ പറഞ്ഞു. ജനാധിപത്യം അട്ടിമറിക്കാൻ സിപിഐഎം ശ്രമിച്ചു. പണം കൊടുത്ത് ആളെ സ്വാധീനിക്കാൻ ബിജെപി രീതിയിൽ ശ്രമം നടത്തി. വടക്കാഞ്ചേരിയിൽ നടന്നത് തന്നെയാണ് മറ്റത്തൂരിലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: vd satheesan reacts against vellapally natesan and cm pinarayi vijayan

dot image
To advertise here,contact us
dot image