

തിരുവനന്തപുരം: കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസ് ഇപ്പോള്‍ ആര്‍എസ്എസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയെന്ന് ശിവന്‍കുട്ടി വിമര്‍ശിച്ചു. ബാബരി തകര്‍ത്തപ്പോള്‍ 17 ഭാഷ അറിയാമായിരുന്ന പ്രധാനമന്ത്രി നരസിംഹ റാവു മൗനം പാലിച്ചത് ആര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. ആ മൗനം ഇന്നും കോണ്‍ഗ്രസ് തുടരുകയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീമിനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തിലും അദ്ദേഹം പ്രതികരിച്ചു. ഒരു സൈബര്‍ ആക്രമണ തൊഴിലാളികളുടെയും ചെലവില്‍ അല്ല ആരും ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഒരു സൈബര്‍ ആക്രമണവും ഇപ്പോള്‍ ഇല്ലെന്ന് പറഞ്ഞ മന്ത്രി അതില്‍ തനിക്ക് വിഷമം ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
മറ്റത്തൂരിലെ കൂറുമാറ്റത്തിലും അദ്ദേഹം പ്രതികരിച്ചു. 'കോണ്‍ഗ്രസ് -ബിജെപി സഖ്യത്തിന്റെ പ്രായോഗിക പരീക്ഷണമാണ് മറ്റത്തൂരില്‍ നടന്നത്. സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ ആരുമായും കൂട്ടുകൂടാന്‍ കോണ്‍ഗ്രസിന് മടിയില്ല. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്നതാണ് അവരുടെ മുദ്രാവാക്യം. വി കെ പ്രശാന്തിനെതിരെ ബിജെപിക്ക് കുട പിടിക്കുന്നത് കെ മുരളീധരനും ശബരിനാഥനുമാണ്. ബിജെപി ഏജന്റായി പ്രവര്‍ത്തിക്കുന്നത് കെ മുരളീധരന്റെ കുടുംബമാണ്. പിണറായിയുടെ കുടുംബത്തിലാരും ബിജെപിയില്‍ പോയിട്ടില്ല', വി ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിക്ക് എതിരെ ഒരു വികാരവും തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണ വിരുദ്ധ വികാരം ഒരിടത്തും വിലയിരുത്തിയിട്ടില്ല. തിരുവനന്തപുരം നഗരസഭയിലെ ജനവിധി മാനിക്കുന്നുവെന്നും ബിജെപിയുടെ ഭരണം തടസപ്പെടുത്താന്‍ ശ്രമിക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
സമാധാനപരമായി കൗണ്‍സില്‍ യോഗം പൂര്‍ത്തിയാക്കുമെന്നും ഒരു തടസവും നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വരുന്നത് നല്ലതാണ്. ചില കാര്യങ്ങള്‍ പ്രധാനമന്ത്രിയോട് തങ്ങള്‍ക്കും പറയാനുണ്ട്. തെരുവ് നായ പ്രശ്‌നം പരിഹരിക്കണം. അക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. തിരുവനന്തപുരം നഗരസഭയിലെ കെട്ടിട വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.
നഗരസഭയുടെ കെട്ടിടങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും പുതിയ ഭരണസമിതിക്ക് അതിനവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാഠപുസ്തക പരിഷ്‌കരണം പൂര്‍ത്തീകരണത്തിലേക്കെത്തുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്‌കൂളുകളില്‍ ബാക്ക്‌ബെഞ്ച് ഒഴിവാക്കുന്ന തീരുമാനത്തെക്കുറിച്ചും കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം നിയന്ത്രിക്കുന്നതിനെ കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടിയെന്നും വി ശിവന്‍കുട്ടി പറഞ്ഞു. രണ്ട് റിപ്പോര്‍ട്ടുകളും കരിക്കുലം കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
'കേന്ദ്ര നയങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. കേരളത്തില്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂട്ടിലാണ് പരിഷ്‌കരണം. ക്രിസ്മസ് അവധിയില്‍ ചില ഇടങ്ങളില്‍ ക്ലാസ് നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത് അനുവദിക്കില്ല. അവധി പൂര്‍ണമായി കുട്ടികള്‍ക്ക് വിനോദത്തിനായി നല്‍കണം', ശിവന്‍കുട്ടി പറഞ്ഞു.
Content Highlights: V Sivankutty against Congress on Mattathur and Karnataka Bulldozer Raj