

തിരുവനന്തപുരം: പത്രസമ്മേളനത്തിനിടെ വിദ്യാഭ്യാസമന്ത്രിക്ക് ഒരു ഫോണ്‍ കോളെത്തി.
'ഹലോ.. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയല്ലേ'യെന്നായിരുന്നു ചോദ്യം. കോഴിക്കോട് മേപ്പയൂര്‍ പഞ്ചായത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായിരുന്നു ഫോണില്‍.
അവധിക്കാലമായിട്ടും ക്ലാസെടുക്കുന്നുവെന്ന പരിഭവം പറയാനായിരുന്നു ഏഴാംക്ലാസുകാരന്‍ വിളിച്ചത്. സ്‌കൂളിലാരോടും പേര് പറയരുതെന്നും കുട്ടി പറയുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തിനിടെ എടുത്ത കോളായതിനാല്‍ പേരും സ്‌കൂളുമെല്ലാം കുട്ടി തന്നെ വെളിപ്പെടുത്തുകയും അതെല്ലാവരും കേള്‍ക്കുകയും ചെയ്തിരുന്നു.
കുറച്ച് സമയമേ ക്ലാസ് ഉള്ളൂവെന്നും യുഎസ്എസിന്റെ ക്ലാസാണെന്നുമായിരുന്നു മന്ത്രിയോട് സംസാരിച്ച അമ്മയുടെ പ്രതികരണം. കുട്ടികളിപ്പോള്‍ കളിക്കട്ടേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ മന്ത്രി സംസാരിച്ചുവെന്നും ക്ലാസെടുക്കാന്‍ പാടില്ലെന്ന് പറഞ്ഞുവെന്ന് പറയണമെന്നും വി ശിവന്‍കുട്ടി കുട്ടിയോട് പറഞ്ഞു. കളിക്കുന്നതിനൊപ്പം പഠിക്കുകയും വേണമെന്നും മന്ത്രിയുടെ ഉപദേശം. പറഞ്ഞ പരാതിക്ക് പരിഹാരമായതോടെ കുട്ടിയുടെ വക മന്ത്രിക്ക് താങ്ക്സും.
Content Highlights: seventh standard student's phone call to v sivankutty during a press conference