പുതുവർഷാഘോഷം കളറാക്കാം; കൊച്ചിൻ കാർണിവലിന് എത്തുന്നവർ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം

പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാർക്കിംഗ് നിരോധിക്കും

പുതുവർഷാഘോഷം കളറാക്കാം; കൊച്ചിൻ കാർണിവലിന് എത്തുന്നവർ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം
dot image

കൊച്ചി: പുതുവർഷത്തെ ആവേശത്തോടെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി. ആഘോഷം കളറാക്കാൻ നിരവധിപേർ എത്തുമെന്നതിനാൽ കനത്ത സുരക്ഷാ സംവിധാനമാണ് ഭരണകൂടം ഒരുക്കിയിട്ടുള്ളത്. പുതുവത്സരം ആഘോഷിക്കാൻ കൊച്ചിൻ കാർണിവലിന് എത്തുന്നവർ സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ വി കെ മിനിമോൾ. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് കൊച്ചിൻ കാർണിവലിന്റെ പ്രധാന വേദി ആകുമെന്ന് ജില്ലാകളക്ടർ ജി പ്രിയങ്ക അറിയിച്ചു. കൂടാതെ വെളി ഗ്രൗണ്ട് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പുതുവത്സരാഘോഷങ്ങൾ നടക്കും.

പൊലീസ് വകുപ്പ് വിട്ടുവീഴ്ചകൾ ഇല്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഇതിനായി 28 ഇൻസ്‌പെക്ടർമാരും 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ 1200 പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും.

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാർക്കിംഗ് നിരോധിക്കും. ബുധനാഴ്ച (ഡിസംബർ 31) ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നിർദിഷ്ട പാർക്കിംഗ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

വൈപ്പിൻ ഭാഗത്തു നിന്നും റോറോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നും മടങ്ങുന്നവർക്ക് മാത്രമേ റോറോ ജങ്കാർ സൗകര്യം ഉപയോഗിക്കാൻ കഴിയുകയുള്ളു. വൈപ്പിനിൽ നിന്നും ഫോർട്ടുകൊച്ചിയിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ബസുകൾ പുലർച്ചെ മൂന്നു വരെ സർവീസ് നടത്തും. മെട്രോ റെയിൽ പുലർച്ചെ രണ്ട് വരെയും വാട്ടർ മെട്രോ പുലർച്ചെ നാലുവരെയും പ്രവർത്തിക്കും. കൂടാതെ കൊച്ചി ഫീഡർ ബസുകളുടെ സേവനവും ലഭ്യമായിരിക്കുമെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു. ഇതു കൂടാതെ ബയോ ടോയ്ലറ്റ് സംവിധാനങ്ങളും മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights : newyear Cochin Carnival celebration; restrictions and rules

dot image
To advertise here,contact us
dot image