പുടിൻ്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചെന്ന് റഷ്യ; പതിവ് റഷ്യൻ നുണയെന്ന് സെലൻസ്കി

ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി നടക്കുന്ന സമാധാന ചർച്ചകളിൽ റഷ്യ നിലപാട് മാറ്റുമെന്നും ലാവ്റോവ് വ്യക്തമാക്കിയിട്ടുണ്ട്

പുടിൻ്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചെന്ന് റഷ്യ; പതിവ് റഷ്യൻ നുണയെന്ന് സെലൻസ്കി
dot image

മോസ്കോ: പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ വസതിയ്ക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ. മോസ്കോയ്ക്കും സെന്റ് പീറ്റേഴ്‌സ്ബർഗിനും ഇടയിലുള്ള വ്‌ളാഡിമിർ പുടിന്റെ വസതിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ആരോപിച്ചത്. നോവ്ഗൊറോഡ് മേഖലയിലെ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ വന്ന 91 ഡ്രോണുകൾ തകർത്തതായാണ് ലാവ്‌റോവ് വെളിപ്പെടുത്തിയത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി നടക്കുന്ന സമാധാന ചർച്ചകളിൽ റഷ്യ നിലപാട് മാറ്റുമെന്നും ലാവ്റോവ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

എന്നാൽ ഈ ആരോപണം യുക്രെയ്ൻ നിഷേധിച്ചിട്ടുണ്ട്. സാധാരണ റഷ്യൻ നുണയെന്ന് പരിഹസിച്ചായിരുന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി റഷ്യയുടെ ആരോപണം നിഷേധിച്ചത്. 'പ്രസിഡന്റ് ട്രംപിന്റെ ടീമുമായുള്ള ഞങ്ങളുടെ നയതന്ത്ര ശ്രമങ്ങളുടെ എല്ലാ നേട്ടങ്ങളെയും ദുർബലപ്പെടുത്തുന്നതിന് അപകടകരമായ പ്രസ്താവനകൾ റഷ്യ ഉപയോഗിക്കുന്നുവെന്നും' എക്സ് പോസ്റ്റിലൂടെ സെലൻസ്കി വിമർശിച്ചു.

Also Read:

'റെസിഡൻസ് സ്ട്രൈക്ക്' എന്ന കഥ കീവിൽ ഉൾപ്പെടെ യുക്രെയ്നെതിരായി കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിനും യുദ്ധം അവസാനിപ്പിക്കാതിരിക്കാനുള്ള റഷ്യൻ നീക്കത്തെ ന്യായീകരിക്കാനും ഉള്ളതാണെന്നും സെലൻസ്കി കുറ്റപ്പെടുത്തി. എല്ലാവരും ഇപ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കീവിൽ റഷ്യ ആക്രമണം നടത്തിയേക്കാമെന്നും സെലൻസ്കി മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 32 പേ‍ർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മൂന്നര വർഷമായി തുടരുന്ന യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ ചർച്ച ചെയ്യാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി അമേരിക്കൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുശേഷം യൂറോപ്യൻ നേതാക്കളുമായും സെലൻസ്കി ചർച്ച നടത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഡോൺബാസ്, ക്രൈമിയ തുടങ്ങിയ പ്രദേശങ്ങൾ യുക്രെയ്ൻ റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്നാണ് ട്രംപിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന സമാധാന കരാറിലെ പ്രധാന ധാരണകളിലൊന്നെന്നാണ് റിപ്പോർട്ട്. യുദ്ധം നടക്കുന്ന ഇപ്പോഴത്തെ അതിർത്തികൾ അതേപടി അംഗീകരിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു. യുക്രെയ്നെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്തില്ലെന്ന ഉറപ്പും റഷ്യ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ വ്യവസ്ഥകൾ അം​ഗീകരിക്കാനാകില്ലെന്നാണ് യുക്രെയ്ൻ നിലപാട്.

Content Highlights: Russia alleged that Ukraine carried out a drone attack on President Vladimir Putin's residence

dot image
To advertise here,contact us
dot image