

തൃശ്ശുര്‍: മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉറച്ച് ലാലി ജെയിംസ്. കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടിയിലെ അതൃപ്തി പരസ്യമാക്കിയ ലാലി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെയും തുറന്നടിച്ചു. കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്താലും ഇല്ലങ്കിലും മരണം വരെ കോണ്‍ഗ്രസുകാരിയിയായിരിക്കും. അഴിമതിയുള്ള ഫയലുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടും. അഴിമതിരഹിത ഭരണമാണ് ആഗ്രഹിക്കുന്നതെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.
'എന്നില്‍ വിശ്വാസമുള്ളവരാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. പാര്‍ട്ടിക്ക് കൂടുതല്‍ പരിക്കുണ്ടാക്കുന്ന കാര്യങ്ങളിലേക്ക് പോകില്ല. അടിയുറച്ച കോണ്‍ഗ്രസുകാരിയാണ് ഞാന്‍. കുട്ടിക്കാലത്ത് ഗോതമ്പ് പൊടി കുറുക്കി വിശപ്പടക്കാന്‍ തരുന്ന കാലത്ത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അതുകൊണ്ട് പോസ്റ്റര്‍ അടിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി തരേണ്ട സമയങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ചെലവഴിച്ചയാളാണ് അമ്മയെന്നാണ് കഴിഞ്ഞ ദിവസം മകള്‍ ഒരു നേതാവിനോട് പറഞ്ഞത്. പാര്‍ട്ടിക്കാരിയായി തുടരാന്‍ അംഗത്വം വേണ്ട', ലാലി ജെയിംസ് നിലപാട് വ്യക്തമാക്കി.
രാത്രി വൈകി തനിക്കെതിരെ നടപടിയെടുത്തതില്‍ ഡിസിസി പ്രസിഡന്റ് പക്വത കാണിക്കണമായിരുന്നുവെന്ന് ലാലി പറഞ്ഞു. ഇന്ന് കൂടുതല്‍ പ്രതികരണം നടത്തുമോയെന്ന ഭയം കൊണ്ടാണോ നോട്ടീസ് പോലും നല്‍കാതെ സസ്‌പെന്‍ഡ് ചെയതതെന്ന് ചോദിച്ച ലാലി മാധ്യമങ്ങളിലൂടെ സസ്‌പെന്‍ഷനെക്കുറിച്ച് അറിയേണ്ടിവന്നത് വിഷമമുണ്ടാക്കിയെന്നും പറഞ്ഞു.
'ഡിസിസി പ്രസിഡന്റ് സ്ഥാനം കൈയ്യില്‍ വന്നപ്പോള്‍ പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നു. പലപ്പോഴും പക്വതകൈവിട്ടു.
കെസി വേണുഗോപാലും ഡിസിസി പ്രസിഡന്റുമെല്ലാം ഉയര്‍ന്ന നേതാക്കളായിരിക്കും. നേതാക്കള്‍ക്ക് മാത്രമാണോ ആത്മാഭിമാനം ഉള്ളത്. സ്ഥാനമോഹികളാവുന്നത് എന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. എങ്കില്‍ ചുമതലകളൊന്നും വേണ്ട. ആര്‍ക്കും ഒരു പദവിയും വേണ്ട. താഴെത്തട്ടിലുള്ളവര്‍ മുതല്‍ മുകളിലുള്ളവര്‍ വരെ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അല്ലെങ്കില്‍ ജീവകാരുണ്യപ്രവര്‍ത്തനം മാത്രം ചെയ്ത് മുന്നോട്ടുപോയാല്‍ മതിയല്ലോ', ലാലി ചോദിച്ചു.
'അവര്‍ പക്വതയോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ പാര്‍ട്ടി പ്രതിസന്ധിയിലാവില്ലായിരുന്നു. രാത്രിയുടെ മറവിലാണോ ഒരാളെ സസ്‌പെന്‍ഡ് ചെയ്യേണ്ടത്. അതാണോ സാമാന്യമര്യാദ. ആരോപണങ്ങളില്‍ കഴമ്പുണ്ടേയെന്ന് പരിശോധിക്കേണ്ടത് ഡിസിസി പ്രസിഡന്റ് ആണ്. എന്നെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നു. ലാലി ജെയിംസ് മേയര്‍ ആയാല്‍ വന്നേക്കാവുന്ന തടസങ്ങളെ മുന്‍കൂട്ടിക്കണ്ട് നീക്കിയതാണ്. ആരോപണത്തിലല്‍ കഴമ്പില്ലെങ്കില്‍ ഭയക്കേണ്ടതില്ലല്ലോ', ലാലി ജെയിംസ് പറഞ്ഞു.
തൃശൂര്‍ നിയമസഭയില്‍ സീറ്റ് ലഭിക്കണമെന്ന് മുന്‍ മേയറായിരുന്ന രാജന്‍ പല്ലന്‍ എപ്പോഴും പറയുന്നതാണെന്നും തൃശ്ശൂര്‍ നിയമസഭയില്‍ സീറ്റ് ലഭിക്കണമെങ്കില്‍ ഹിന്ദു മേയര്‍ വരണമെന്ന് പറയുമായിരുന്നു. സുബി ബാബുവിനെയും ബൈജു വര്‍ഗീസിനെയും കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. അത് നടന്നില്ലെന്നും ലാലി ജെയിംസ് ആരോപിച്ചു.
Content Highlights: Thrissur Mayor lali james against trissur DCC President joseph tajet